സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ചു, തഞ്ചത്തില്‍ കുഞ്ഞിന്റെ പാദസരം കൈക്കലാക്കി യുവതി- രാമനാട്ടുകരയിലെ കടയില്‍ നിന്നുള്ള വീഡിയോ കാണാം
രാമനാട്ടുകര: ബസ് സ്റ്റാന്‍ഡിലെ തുണിക്കടയില്‍നിന്ന് കുട്ടിയുടെ ആഭരണം മോഷ്ടിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. വല്യുമ്മയുടെ തോളില്‍ ഉറങ്ങിക്കിടക്കുന്ന പിഞ്ചുകുഞ്ഞിന്റെ കാലിലെ പാദസരം യുവതി തന്ത്രത്തില്‍ മോഷ്ടിക്കുന്നതാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്.
കടയിലെ സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ചതിനുശേഷമായിരുന്നു മോഷണം. ചുവപ്പ് ചുരിദാറും കറുത്ത മാസ്കും ധരിച്ച 30 വയസ്സ് തോന്നിക്കുന്ന മെലിഞ്ഞ ശരീരമുള്ള യുവതി പലതവണ മോഷണത്തിന് ശ്രമിക്കുന്നതായി സി.സി.ടി.വിയില്‍ കാണുന്നത്.
കഴിഞ്ഞ ആറാം തീയതി രാവിലെ 11.30നാണ് സംഭവം നടന്നത്. വാഴക്കാടിനടുത്ത ആക്കോട് സ്വദേശിനികളായ കുടുംബം വസ്ത്രം തെരഞ്ഞെടുക്കുന്നതിനിടെയായിരുന്നു സംഭവം. രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കടയിലാണ് വസ്ത്രമെടുക്കാന്‍ കയറിയത്.
പാദസരം അരപ്പവനോളം തൂക്കമുണ്ടെന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലെത്തിയശേഷമാണ് ആഭരണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
വീട്ടുകാര്‍ ഫറോക്ക് പൊലീസില്‍ പരാതി നല്കി. പൊലീസ് കടയിലെത്തി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭവത്തില്‍ ഫറോക്ക് പൊലീസ് കേസെടുത്തു.
summary: A young woman grabs the baby’s feet in a thong to divert the salesman’s attention