എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും ഷൊര്‍ണൂരില്‍ പിടിയിൽ
ഷൊർണൂർ: ഷൊർണൂരിൽ 33.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും പിടിയിലായി. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊര്‍ണൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ ഷൊര്‍ണൂരിലെ ഗണേശഗിരി തെക്കേ റോഡില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് കാരന്തൂര്‍ കുന്ദമംഗലം കോരന്‍കണ്ടി ലക്ഷംവീട് കോളിനിയില്‍ സിജിന ലക്ഷ്മി (19), പട്ടാമ്പി കൊപ്പം കരിങ്കനാട് പൊട്ടച്ചിറയില്‍ വീട്ടില്‍ അഷ്‌റഫ് അലി (33), എന്നിവരാണ് മയക്കു മരുന്നുമായി പിടിയിലായത്. പ്രതികള്‍ ബാംഗ്ലൂരില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. അഷ്‌റഫ് അലിക്ക് മലപ്പുറത്തും തമിഴ്‌നാട്ടിലും ലഹരി മരുന്ന് കേസുകളുണ്ട്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികള്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. ആര്‍. മനോജ്കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേത്യത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷൊര്‍ണൂര്‍ പോലീസും പാലക്കാട്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്. Summary: A young woman from Kozhikode and her friend were arrested with MDMA drugs