വിദേശത്ത് നിന്ന് എത്തിയത് മൂന്ന് മാസം മുൻപ്; ഒളവണ്ണയിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തികോഴിക്കോട്: ഒളവണ്ണ കൊടിനാട്ട് മുക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടുക്കാശ്ശേരി താഴം അശ്വതി ഭവനിൽ എസ് നകുലൻ (27) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിയ നിലയിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

ദിവസങ്ങളായി നകുലൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലായിരുന്നു. ഫോൺ എടുക്കാത്തതും പുറത്ത് കാണാത്തതിനെയും തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വിവരം അറിയുന്നത്. വിവരം അറിഞ്ഞ് ഉടനെ പന്തീരാംകാവ് പൊലീസും ഫൊറൻസിക് സംഘവും സംഭവസ്ഥലത്തെത്തി. ശേഷം താലൂക്ക് ദുരന്തനിവാരണ സേനാംഗങ്ങളുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വിദേശത്ത് ജോലി ചെയ്യുകയായിരുന്നു നകുലൻ. മൂന്ന് മാസങ്ങൾക്ക് മുൻപാണ് നകുലൻ നാട്ടിലെത്തിയത്. ഷൈജുവിന്റെയും പരേതയായ രത്നമണിയുടെയും മകനാണ്. സഹോദരങ്ങൾ: രാജീവൻ, അശ്വതി.