താമരശ്ശേരി ചുരത്തില്‍ നിന്നും കാല്‍വഴുതി കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു; മരിച്ചത് വടകര സ്വദേശി


താമരശ്ശേരി: യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ സ്വദേശി അമല്‍ ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപത്തായിരുന്നു അപകടം. മൂത്രമൊഴിക്കാനായി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമല്‍ അടക്കം 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം കൊക്കയില്‍ നിന്നും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.