തലശ്ശേരിയിൽ ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം


തലശ്ശേരി: തലശ്ശേരിയിൽ കനത്ത മഴയിൽ ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്. സ്ലാബില്ലാത്ത ഓടയിലാണ് യുവാവ് വീണത്. മഞ്ഞോടി കണ്ണിച്ചിറയിൽ രാവിലെയാണ് അപകടമുണ്ടായത്.

കാൽവഴുതി ഓടയിലേക്ക് വീണതാവമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തലശേരിയിൽനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാകാം അപകടമെന്നാണ് സംശയിക്കുന്നത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ധാരാളം വാഹനം കടന്നുപോകുന്ന പാതയിൽ റോഡരികെന്ന് പറയാൻ സ്ഥലമില്ല. ഓവുചാൽ സ്ലാബിട്ടുമൂടിയാൽ മാത്രമേ ആളുകൾക്ക് ഇവിടെ സുരക്ഷിതരായി സഞ്ചരിക്കാൻ സാധിക്കുകയുള്ളു. മുൻപും പ്രദേശത്ത് സമാന രീതിയിൽ അപകടം സംഭവിച്ചിട്ടുണ്ട്.