55 കിലോ കഞ്ചാവുമായി കൊയിലാണ്ടി സ്വദേശിയായ യുവാവും യുവതിയും പിടിയില്‍; പിടിയിലായത് കഞ്ചാവിന്റെ മൊത്തവില്‍പ്പനക്കാര്‍


കൊയിലാണ്ടി: അന്‍പത്തിയഞ്ച് കിലോ കഞ്ചാവുമായി കൊയിലാണ്ടി സ്വദേശിയും യുവതിയും മലപ്പുറത്ത് പിടിയില്‍. കൊയിലാണ്ടി സ്വദേശിയായ ദര്‍ശന വീട്ടില്‍ ശൈലേഷും ഹൈദരാബാദ് സ്വദേശിനി സമ്രിനുമാണ് മലപ്പുറം എക്‌സൈസിന്റെ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ വട്ടിപ്പറമ്പിലെ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വില്‍പ്പന ടത്തുകയായിരുന്നു ഇവര്‍. മലപ്പുറം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

രണ്ട് കിലോഗ്രാമിന്റെ ഇരുപത്തിയഞ്ച് പാക്കറ്റുകളും നൂറ്, ഇരുനൂറ് ഗ്രാമിന്റെ ഒട്ടേറെ പാക്കറ്റുകളുമാണ് പിടിച്ചെടുത്തത്. രണ്ടുകിലോഗ്രാമിന് 25000 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളെയടക്കം ലക്ഷ്യമിട്ടുള്ള 100, 200 ഗ്രാം പാക്കറ്റുകള്‍ക്ക് യഥാക്രമം അഞ്ഞൂറും ആയിരം രൂപയുമാണ് ഈടാക്കുന്നത്.

ഒറീസയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്.