വീണത് അന്‍പത് കിലോയിലധികമുള്ള കാട്ടുപന്നി; ഊരുള്ളൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കിണറില്‍ വീണ പന്നിയെ വെടിവെച്ചു കൊന്നു


Advertisement

ഊരളളൂര്‍: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊരള്ളൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കിണറ്റില്‍ കാട്ടുപന്നി വീണു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ചിറയില്‍ അഷറഫിന്റെ വീട്ടിലെ കിണറ്റില്‍ ആണ് 50 കിലോ ഭാരമുള്ള കാട്ടുപന്നി വീണത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

Advertisement

തുടര്‍ന്ന് പെരുവണ്ണാമുഴി ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ മാസ്റ്ററുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പ്രദേശത്ത് പന്നിയുടെ ശല്യമുള്ളതിനാലും ജനങ്ങളുടെ ജീവന് ഭീഷണി കണക്കിലെടുത്തായിരുന്നു വെടിവെയ്ക്കല്‍ തീരുമാനം.

Advertisement

ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തിയ ശേഷം പേരാമ്പ്രയില്‍ നിന്നും ലൈസന്‍സുള്ള ഷൂട്ടര്‍ എം.കെ സുരേഷ് സ്ഥലത്തെത്തി വെടിവെച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് പെരുവണ്ണാമുഴി ഫോറസ്റ്റ് അധികൃതര്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ പന്നിയെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു. മൃതദേഹം ഫോറസ്റ്റ് അധികൃതര്‍ മറവു ചെയ്യാനായി കൊണ്ടുപോവുകയായിരുന്നു.

Advertisement

വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എം. പ്രകാശന്‍, എ.എസ്. ശ്രീവിദ്യ, എച്ച്.സി പ്രിനിഷ് കുമാര്‍, പെരുവണ്ണാമൂഴി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ പത്മനാഭന്‍, വാച്ചര്‍ രവിന്ദ്രന്‍ ഷൂട്ടര്‍ എം.കെ. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.