ഗള്‍ഫ് സ്വപ്‌നംകണ്ട നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് വഴികാട്ടിയയാള്‍; പാലക്കണ്ടി മമ്മി ഹാജിക്ക് അരിക്കുളത്തെ കോണ്‍ഗ്രസിന്റെ സ്‌നേഹാദരം


അരിക്കുളം: ഒരുകാലത്ത് ഗള്‍ഫ് സ്വപ്‌നം കണ്ടവര്‍ക്ക് വഴിവിളക്കായി കൂടെ നിന്ന പാലക്കണ്ടി മമ്മി ഹാജിക്ക് നാടിന്റെ ആദരം. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചാണ് മമ്മി ഹാജിക്ക് ആദരവൊരുക്കിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസാണ് മമ്മി ഹാജിയെ നെഞ്ചോട് ചേര്‍ത്ത് ആദരിച്ചത്.

സമൃദ്ധമായ ഒരു ഭാവി സ്വപ്‌നംകണ്ട് ഗള്‍ഫിലേക്ക് കുടിയേറിയ നൂറുകണക്കിന് ആളുകള്‍ക്ക് ആശ്രയമായിരുന്നു മമ്മി ഹാജി. ദാരിദ്ര്യവും പട്ടിണിയും കൊണ്ട് പൊറുതിമുട്ടിയ 1970 മുതലുള്ള കാലഘട്ടത്തിലാണ് കേരളത്തില്‍ നിന്ന് അറബി പൊന്ന് തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് അന്നത്തെ തലമുറയിലെ യുവാക്കള്‍ സഹസിക യാത്രക്ക് തുടക്കം കുറിക്കുന്നത്. പല കുടുംബങ്ങളിലും പട്ടിണിമാറ്റിയത് അന്നത്തെ യുവാക്കളുടെ ഗള്‍ഫ് കൂടിയേറ്റം തന്നെയായിരുന്നു.

പാലക്കണ്ടി മമ്മി ഹാജിയും അദ്ദേഹത്തിന്റെ പി.കെ.എം ട്രാവല്‍സുമായിരുന്നു പലരെയും ഗള്‍ഫിലേക്ക് എത്തിക്കാനുള്ള വഴികള്‍ തുറന്നത്. പി.കെ എം ട്രാവല്‍സിന് പ്രത്യേകിച്ച് ഓഫീസ് ഒന്നും ഇല്ല. ഗള്‍ഫ് പോകാന്‍ ആദ്യം വേണ്ടത് പാസ്‌പോര്‍ട്ടാണ്. പാസ്‌പോര്‍ട്ടിനായി അരിക്കുളത്തെ ആളുകള്‍ നേരെ മമ്മിക്കയുടെ വീട്ടില്‍ എത്തും. കാര്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ ഉത്തരവാദിത്തത്തോടെ തന്നെ പാസ്‌പോര്‍ട്ട് റെഡിയാക്കി തരും ചെറിയ സംഖ്യയാണ് ഫീസായി വാങ്ങുക. പിന്നീട് കോഴിക്കോട് പല ട്രാവല്‍സുമായി ബന്ധപ്പെട്ട് പലര്‍ക്കും വിസയും ബോബെയിലേക്കുള്ള അക്ബര്‍ ട്രാവല്‍സിന്റെ ബസ്സ് ടിക്കറ്റും ബോബെയിലെ താമസ സൗകര്യവും എല്ലാ റെഡിയാക്കി കൊടുക്കും. അന്ന് കോഴിക്കോട് വിമാന താവളം ഒന്നും ഇല്ല ബോബെയില്‍ നിന്നാണ് യാത്ര. അന്നത്തെ പ്രവാസികളില്‍ മമ്മിക്കയുടെ കയ്യൊപ്പ് പതിയാതെ അരിക്കുളത്തുനിന്നും ആരും പോയിട്ടുണ്ടാവില്ല.

അന്നൊക്കെ ഗള്‍ഫിലേക്ക് പോകുന്നവരെ യാത്രയയക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒരു വലിയ ആള്‍ക്കൂട്ടം തന്നെ തലേദിവസം രാത്രി വീട്ടിലുണ്ടാകും. അതില്‍ അവസാനം പാസ്‌പോര്‍ട്ടും ടിക്കറ്റുമായി ദൈവദൂതനെപ്പോലെ മമ്മി ഹാജിയെത്തുമെന്ന് ചടങ്ങില്‍ നാട്ടുകാര്‍ ഓര്‍ത്തു. ഇത് സൗകര്യങ്ങള്‍ ഏറെയായി, ഉടുതുണിയ്ക്ക് മറുതുണിയില്ലാത്ത, അടുപ്പ് പുകയാത്ത സ്ഥിതി മാറി, ദാരിദ്ര്യം തുടച്ചുനീക്കാനും പുരോഗമനത്തിന്റെ കുതിച്ച് ചാട്ടത്തിനും നിമിത്തമായതില്‍ ഈ നാട്ടില്‍ ഒന്നാം സ്ഥാനത്ത് മമ്മിഹാജി തന്നെയാണെന്ന് പ്രവര്‍ത്തകര്‍ ചടങ്ങില്‍ ഓര്‍ത്തു.

Summary: Palakkandi Mammy Haji receives love and respect from the Congress in Arikkulam