കോഴിക്കോട് ബീച്ചില്‍ യുദ്ധസ്മാരകം പണിയണം; ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുന്നതില്‍ പ്രതിഷേധവുമായി വിമുക്തഭടന്മാര്‍
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കില്‍ യുദ്ധസ്മാരകം പണിയണമെന്ന് ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനെതിരെ വിമുക്തഭടന്മാര്‍. രാജ്യത്തോടും യുദ്ധവീരന്‍മാരോടുമുള്ള അസഹിഷ്ണുതയാണ് യുദ്ധസ്മാരകത്തിനെതിരെ മുഖംതിരിക്കുന്നതിനു പിന്നിലെന്നും ഇവര്‍ പറയുന്നു.
ജില്ലയില്‍ 34 ജവാന്‍മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വാര്‍ മെമ്മോറിയല്‍ കണ്‍സ്ട്രക്ഷന്‍ കമ്മറ്റി പ്രസിഡന്റ് കേണല്‍ ആര്‍.കെ. നായര്‍ പറഞ്ഞു. മറ്റ് ജില്ലകളില്‍ യുദ്ധസ്മാരകങ്ങള്‍ ഉള്ളപ്പോഴാണ് കോഴിക്കോട് ഈ ആവശ്യത്തോട് മുഖം തിരിക്കുന്നത്.
മാറിമാറി വരുന്ന ജില്ലാകലക്ടര്‍മാര്‍, നഗരസഭ മേയര്‍ എന്നിങ്ങനെ ഈ ആവശ്യമുന്നയിച്ച് പലരേയും സമീപിച്ചു. കോര്‍പ്പറേഷന്‍ ഈ ആവശ്യത്തോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ലയണ്‍സ് പാര്‍ക്കിന്റെ നവീകരണത്തോടനുബന്ധിച്ച് അഞ്ചുകോടിയുടെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് അറിയിച്ചെങ്കിലും പദ്ധതിയില്‍ യുദ്ധസ്മാരകം ഉള്‍പ്പെട്ടിട്ടില്ലെന്നും വിമുക്ത ഭടന്മാര്‍ പറയുന്നു.