കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍  കാല്‍കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. തലശ്ശേരി എന്‍.ടി.ടി.എഫ്. കോളേജിലെ വിദ്യാര്‍ത്ഥി മലപ്പുറം ചങ്ങരംകുളം മുക്കു തല സ്വദേശി ദേവരാജിനാണ് (22) ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് വൈകീട്ട് 6.45 മണിയോടെയാണ് സംഭവം. അപകടത്തില്‍ വിദ്യാര്‍ത്ഥിയുടെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.കോഴിക്കോട് ഭാഗത്തെക്ക് പോവുകയായിരുന്ന ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനില്‍ നിന്നും  എടുക്കുന്ന സമയത്ത് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല് കുടുങ്ങുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നി രക്ഷാ സേനയെത്തി പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളെജിലെക്ക് കൊണ്ടുപോയി.  വിദ്യാര്‍ത്ഥിയുടെ     ബന്ധുക്കളെ വിവരമറിയിച്ചതായി പോലീസും അഗ്‌നി രക്ഷാസേനയും പറഞ്ഞു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, സിജിത്ത്, നിതിന്‍ രാജ്, ഹോംഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.