നിപ നിയന്ത്രണങ്ങള്‍ നിലവിലിരിക്കെ കിനാലൂര്‍ ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് സെലക്ഷന്‍ ട്രയല്‍; പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു
ബാലുശ്ശേരി: നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് കിനാലൂരില്‍ നടത്തിയ ജില്ല അത്ലറ്റിക് ടീമിന്റെ സെലക്ഷന്‍ നിര്‍ത്തിവെപ്പിച്ചു. കിനാലൂരിലെ ഉഷ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീം സെലക്ഷന്‍. കൂടുതല്‍ ആളുകള്‍ എത്തിയതോടെ പനങ്ങാട് പഞ്ചായത്തും പൊലീസും ഇടപെട്ടതിന് പിന്നാലെയാണ് ടീം സെലക്ഷന്‍ നിര്‍ത്തിയത്. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 18 അണ്ടര്‍ 20 സീനിയര്‍ എന്നീവിഭാഗങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍ നടത്തിയത്.
നിപ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് കായിക താരങ്ങളും അവരുടെ രക്ഷിതാക്കളും കിനാലൂരില്‍ എത്തിയതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചത് പ്രകാരം പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറും അടക്കമുള്ളവര്‍ സ്ഥലത്തെത്തി സെലക്ഷന്‍ ട്രെയല്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബാലുശ്ശേരി പൊലീസും സ്ഥലത്തെത്തി.
ജില്ല അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സെലക്ഷന്‍ ട്രെയല്‍ നടത്തിയത്. പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുളളവരാരും സെലക്ഷനില്‍ പങ്കെടുക്കരുതെന്നും നിപ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ അത്ലറ്റുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സെലക്ഷനില്‍ പങ്കെടുക്കുന്നതിലായി നൂറിലധികം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ് സ്ഥലത്ത് എത്തിയത്.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാനാണ് ട്രയല്‍സ് നടത്തുന്നതെന്നായിരുന്നു ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ വിശദീകരണം. ഈ മാസം 28ാം തീയതി കാലിക്കറ്റ് സര്‍വകാലാശാലഗ്രൗണ്ടില്‍ വച്ചാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. സെലക്ഷന്‍ നടത്തിയില്ലെങ്കില്‍ ജില്ലാ ടീമീനെ തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും അത്ലറ്റുകളെ അറിയിച്ചിരുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
പ്രതിഷേധത്തെ തുടര്‍ന്ന് അസോസിയേഷന്‍ ഭാരവാഹികളും പഞ്ചായത്ത് അധികൃതരും പൊലീസും നടത്തിയ ചര്‍ച്ചയില്‍ ട്രയല്‍ നിര്‍ത്തിവെക്കാനും മറ്റൊരു ദിവസം നടത്താനും തീരുമാനിക്കുകയായിരുന്നു.