മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തൃശൂരില്‍ മധ്യവയസ്കന് 14 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച് കോടതി
തൃശൂര്‍: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ ശിക്ഷിച്ച് കോടതി. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി പൊന്നരശ്ശേരി സുനിലിനെയാണ് (53) ശിക്ഷിച്ചത്. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി പി.എന്‍.വിനോദാണ് ശിക്ഷ വിധിച്ചത്.
2011 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്റെ മകളായ ഒമ്പതുകാരിയെ മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ ഈ സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു.
പിന്നീട് സഹോദരിയുമായി കടയില്‍ പോകുമ്പോള്‍ വഴിയില്‍ വച്ച് പ്രതിയെ കണ്ട കുട്ടി പേടിക്കുകയും സംഭവിച്ച കാര്യങ്ങള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നല്കിയ പരാതിയിലാണ് ഗുരുവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പ്രതി ഒളിവില്‍ പോയതിനെ തുടര്‍ന്ന് വിചാരണ നീണ്ടു പോയെങ്കിലും പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാതെയാണ് വിചാരണ പൂര്‍ത്തിയാക്കിയത്.