ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയത് 67ലക്ഷം രൂപ; പന്തീരാങ്കാവ് സ്വദേശിയുടെ പരാതിയിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ പന്തീരാങ്കാവ് സ്വദേശിയുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. വാണിയമ്പാടി വെല്ലൂർ ജൂവ നഗർ മുബഷീർ ഷെയ്ഖിനെ(29)യാണ് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലൈയിലാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്.
വാട്‌സാപ് വഴി ബന്ധപ്പെട്ടാണ് പ്രതി പരാതിക്കാരനുമായി പണമിടപാട് നടത്തിയത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈൻ വഴി മൊത്തം 67 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുക്കുകയായിരുന്നു. സൈബർ ക്രൈം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ അങ്കിത് സിങ് നിർദേശത്തിൽ സബ് ഇൻസ്‌പെക്ടർമാരായ എം.വിനോദ് കുമാർ, പി.പ്രകാശ്, എസ്സിപിഒ കെ.ആർ.ഫെബിൻ, പി.വി.രതീഷ്, ഷമാന അഹമ്മദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary: A native of Tamil Nadu has been arrested in the case of extorting 67 lakh rupees from Panthirankau. resident in the name of online trading