മുക്കുപണ്ടം പണയം വെച്ച് മൂന്നരലക്ഷം തട്ടിയ കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മൂന്നരലക്ഷം രൂപയോളം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം വാഴക്കാട് സ്വദേശി ആക്കോട് ചെറു തൊടിക സി. നിസാറിനെയാണ് (40) ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണ്ണമാണെന്ന് പറഞ്ഞ് മാര്‍ച്ച് 9, 14 തീയതികളിലായി ഇയാള്‍ കോഴിക്കോട് പാളയത്തെ ചെമ്മന്നൂര്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡില്‍ 12 വളകള്‍ പണയം വയ്ക്കുകയായിരുന്നു. 3,43,700 രൂപ വായ്പയാണ് ഇയാള്‍ പണയം വച്ച് വാങ്ങിയത്.

പിന്നീട് മാര്‍ച്ച് 19ന് വിണ്ടും അഞ്ച് വ്യാജ സ്വര്‍ണ വളകളുമായി എത്തുകയായിരുന്നു. പരിശോധനക്കിടെ സ്വര്‍ണമല്ലെന്ന് കണ്ടെത്തിയതോടെ സ്ഥാപന അധിക്യതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ സിയാദ്, ഷബീര്‍, എ.എസ്.ഐ സജീവന്‍ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.