കിണര്‍പണിക്കിടെ ദേഹാസ്വാസ്ഥ്യം; മാഹി സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു
മാഹി: സൂര്യാഘാതമേറ്റ് മാഹി പന്തക്കല്‍ സ്വദേശി മരിച്ചു. യു.എം.വിശ്വനാഥനാണ് മരിച്ചത്. വെള്ളിയാഴ്ച നിടുമ്പ്രത്ത് കിണര്‍ പണിക്കിടെയാണ് ഇയാള്‍ക്ക് സൂര്യാഘാതമേറ്റത്. കണ്ണൂരില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കിണറ്റില്‍ നിന്നും മണ്ണ് വലിച്ച് കയറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ പള്ളൂര്‍ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് ഒരു വയോധികയും സൂര്യാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ അംഗനവാടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പിന്റേതാണ് തീരുമാനം. ആരോഗ്യവകുപ്പ് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.