ദമ്പതിമാരെന്ന വ്യാജേന താമസം; എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയും സുഹൃത്തും അറസ്റ്റിൽ


കണ്ണൂർ: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയും സുഹൃത്തും അറസ്റ്റിൽ. പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുഹമ്മദ് അമീര്‍, അമീറിനോടൊപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സല്‍മ ഖത്തൂണ്‍ എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 101.832 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് കൂട്ടുപുഴ ചെക്പോസറ്റില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. സ്വിഫ്റ്റ് കാറില്‍ ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു ഇവര്‍. നിവിയ ഫേസ് ക്രീമിന്റെ ഡബ്ബയില്‍ പ്ലാസ്റ്റിക കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ.

സംശയത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീമും പൊലീസും കാര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. സല്‍മ തന്നോടൊപ്പം ഒന്നര വര്‍ഷമായി ലിവിങ് ടുഗതര്‍ രീതീയില്‍ ജീവിച്ചുവരികയാണെന്നാണ് അമീര്‍ പൊലീസിനോട് പറഞ്ഞു. ദമ്പതികളെന്ന വ്യാജേന മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.