കോഴിക്കോട് നടുറോഡില്‍ റീല്‍സ് ചിത്രീകരണം; കാറിടിച്ച് വടകര കടമേരി സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് കടമേരി സ്വദേശിക്ക് ദാരുണാന്ത്യം. തച്ചിലേരി താഴെക്കുനി ഹൗസിൽ സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
രണ്ട് കാർ ചെയ്സ് ചെയ്ത് ഓടിച്ചു പോകുന്നത് റോഡിന് നടുവിൽ നിന്ന് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിലൊരു കാർ ആൽവിനെ ഇടിക്കുകയായിരുന്നു. KL 10 BK 0001 നമ്പർ ഡിഫൻറർ ആണ് ആൽവിനെ ഇടിച്ചിട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിനിടയാക്കിയ കാറും ചിത്രീകരണത്തിന് ഉപയോഗിച്ച രണ്ടാമത്തെ കാറും പോലിസ് കസ്റ്റഡിയിലെടുത്തു.