കോഴിക്കോട് ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു; 39 ഫ്ളൈയിംഗ് സ്‌ക്വാഡുകളും 26 ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളും രംഗത്ത്


കോഴിക്കോട്: തെഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാതൃകാ പെരുമാറ്റചട്ടം കോഴിക്കോട് ജില്ലയിൽ നിലവിൽ വന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിംഗ് അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത വിവിധ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ.

സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവയ്ക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അദ്ദേഹം ആഹ്വാനം ചെയ്തു. പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്ക് അദ്ദേഹം നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന ദിവസം വരെ മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ടായിരിക്കും.

മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം സർക്കാർ സ്ഥാപനങ്ങൾ, അവയുടെ ക്യാമ്പസുകൾ എന്നിവിടങ്ങളിലും പൊതുസ്ഥലങ്ങളിലും യാതൊരു വിധ പ്രചാരണ സാമഗ്രികളും പാടില്ല. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പ്രചരണ സാമഗ്രികൾ വയ്ക്കുന്നുണ്ടെങ്കിൽ അതിന് ആ വ്യക്തിയുടെ രേഖാമൂലമുള്ള സമ്മതപത്രം വേണം. ഈ നിബന്ധനകൾ പാലിക്കാത്ത പ്രചരണ സാമഗ്രികൾ നീക്കം ചെയ്യും. ജാഥകൾ, പൊതുയോഗങ്ങൾ എന്നിവയുടെ വിവരങ്ങൾ മുൻ കൂട്ടി പ്രാദേശിക പോലീസ് അധികാരികളെ അറിയിക്കണം.

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തി തടയുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലയിൽ 39 ഫ്‌ളയിംഗ് സ്‌ക്വാഡുകളും 26 ആന്റി ഡീഫേസ്മന്റ് സ്‌ക്വാഡുകളും 39 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഒരു നിയമസഭാ മണ്ഡലത്തിൽ മൂന്ന് വീതം ഫ്ളൈയിംഗ്, സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകൾ വീതവും രണ്ട് വീതം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുമാണുള്ളത്. 13 വീഡിയോ സർവൈലൻസ് ടീമുകളും സജ്ജമായിട്ടുണ്ട്. ഇതിനു പുറമെ 17 അസിസ്റ്റന്റ് എക്‌സ്പന്റീച്ചർ ഒബ്‌സർവർമാരെയും നിയോഗിച്ചിട്ടുണ്ട്.

സ്ഥാനാർഥി, ഏജന്റ്, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ 50,000 രൂപയിൽ കൂടുതൽ സൂക്ഷിക്കുന്നതും മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ എന്നിവ കൈവശം വെക്കുന്നതും കുറ്റകരമാണ്. ഇവ പിടിച്ചെടുക്കുകയും ജനപ്രതിനിധ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുകയും ചെയ്യും. നാമനിർദേശ പത്രിക നൽകുന്നത് മുതലുള്ള ചിലവുകൾ സ്ഥാനാർഥിയുടേതായി കണക്കാക്കും.

സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും വളപ്പിലും മറ്റും നിയമവിരുദ്ധമായി സ്ഥാപിച്ച ചുവരെഴുത്ത്, പോസ്റ്റർ, ഹോഡിംഗ്, കട്ടൗട്ട്, ബാനറുകൾ, കൊടികൾ, മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന് 24 മണിക്കൂറിനുള്ളിൽ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് അവ നീക്കം ചെയ്യണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, വിമാനത്താവളം, പാലങ്ങൾ, സർക്കാർ ബസ്സുകൾ, വൈദ്യുതി, ടെലിഫോൺ കാലുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്റർ, ഹോഡിംഗ്, കട്ടൗട്ട്, ബാനറുകൾ, കൊടികൾ എന്നിവ സ്‌ക്വാഡ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന് 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യേണ്ടതാണ്.

സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ അനുമതിയില്ലാതെ, നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും മറ്റ് പ്രചാരണ സാമഗ്രികളും പ്രാദേശിക കോടതിയുടെയും നിയമത്തിന്റെയും തീർപ്പിന് വിധേയമായി 72 മണിക്കൂറിനുള്ളിൽ നീക്കംചെയ്യേണ്ടതാണ്.

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളും ജില്ലാ കലക്ടർ അവലോകനം ചെയ്തു. തെരഞ്ഞെടുപ്പിന് സുരക്ഷിതവും സമാധാനപരവുമാക്കുന്നതിനായുള്ള സെക്യൂരിറ്റി പ്ലാൻ, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള ജനറൽ സെല്ലിന്റെ പ്രവർത്തനങ്ങൾ, ഉദ്യോഗസ്ഥ വിന്യാസം, പരിശീലനം, സാധനസാമഗ്രികളുടെ വിതരണം, അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ, വാഹനങ്ങളുടെ ക്രമീകരണം, സൈബർ സുരക്ഷ, വോട്ടർ ബോധവൽക്കരണ പരിപാടികൾ, വോട്ടിംഗ് യന്ത്രങ്ങൾ, പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെ ബാലറ്റ് പേപ്പറുകൾ, സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമ നിരീക്ഷണം, കമ്മ്യൂണിക്കേഷൻ പ്ലാൻ തയ്യാറാക്കൽ, തെരഞ്ഞെടുപ്പ് കൺട്രോൾ റൂം, പരാതിപരിഹാര സംവിധാനം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ക്ഷേമം, വോട്ടെടുപ്പ്- വോട്ടെണ്ണൽ കേന്ദ്രങ്ങൾ, ഭിന്നശേഷി വോട്ടർമാരുടെ കാര്യങ്ങൾ തുടങ്ങിയവ യോഗം ചർച്ച ചെയ്തു.

ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ ഹർഷിൽ കുമാർ മീണ, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ അജീഷ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ, വിവിധ നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.