മഴക്കാല ദുരന്തങ്ങളില്‍ ജനങ്ങളുടെ ജീവന് രക്ഷകരാകാന്‍ കച്ചകെട്ടിയിറങ്ങി കൊയിലാണ്ടി നഗരസഭയും; ദുരന്തനിവാരണ സേനാംഗങ്ങളുടെ യോഗം ചേര്‍ന്നു


കൊയിലാണ്ടി: നഗരസഭാ മഴക്കാലദുരന്തനിവാരണ സേനാംഗങ്ങളുടെ യോഗം ചേര്‍ന്നു. മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വവും അപകടസാഹചര്യം കുറയ്ക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനടി സ്വീകരിക്കാനാണ് യോഗം ചേര്‍ന്നത്.

നഗരസഭാഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടി നഗരസഭ പ്രദേശത്തെ 5 സോണുകളായി തിരിക്കുകയും ചുമതലക്കാരെയും തിരഞ്ഞെടുത്തു. കൂടാതെ പ്രകൃതിക്ഷോഭങ്ങള്‍, അപകടങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാന്‍ നഗരസഭയുടെ എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പറിലേയ്ക്ക് വിളിക്കേണ്ടതാണ് എന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും രാത്രികാല അപകടങ്ങള്‍ക്ക് ദുരന്ത സേനാംഗങ്ങള്‍ ജാഗ്രത കാണിക്കണമെന്നും ദുരന്തനിവാരണത്തിന് ഉപയോഗിക്കുന്ന അത്യാവശ്യ ഉപകരണങ്ങള്‍ നഗരസഭയില്‍ ഉണ്ട് എന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ പറഞ്ഞു.

നഗരസഭാ സെക്രട്ടറി ഇന്ദു എസ്. ശങ്കരി സ്വാഗതം പറഞ്ഞ യോഗത്തില്‍ ക്ലീന്‍ സിറ്റി മാനേജരായ സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും കൗണ്‍സിലര്‍മാരും ദുരന്തനിവാരണ സേനാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.