വടകര പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ അടച്ചിട്ട ഹോട്ടലില്‍ മുന്‍ ജീവനക്കാരന്‍ പൊള്ളലേറ്റ നിലയില്‍


വടകര: പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ അടച്ചിട്ട ഹോട്ടലില്‍ മുന്‍ ജീവനക്കാരന്‍ പൊള്ളലേറ്റ നിലയില്‍. കുട്ടോത്ത് സ്വദേശി രാജനാണ് പൊള്ളലേറ്റത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

നാരായണ നഗറിലെ വിഒടി ബില്‍ഡിങ്ങിന് മുന്‍വശത്തെ കരിമ്പന ഹോട്ടലിന് പുറകിലായുള്ള കാവേരി ഹോട്ടലിലാണ് അപകടം.ഹോട്ടലിലെ മുന്‍ ജീവനക്കാരനായിരുന്നു രാജന്‍ എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കുറച്ച് നാളായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്.

കടയ്ക്കുള്ളില്‍ നിന്നും തീ ഉയരുന്നത് കണ്ട് തൊട്ടടുത്തുള്ള കടകളില്‍ ഉള്ളവര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. വടകര ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി ഒരു ഭാഗത്തെ തീ അണച്ച് ഹോട്ടലിന് ഉള്ളില്‍ കയറിപ്പോഴാണ് അകത്ത് പൊള്ളലേറ്റ നിലയില്‍ രാജനെ കണ്ടെത്തിയത്.

തുടര്‍ന്ന് ഉടന്‍ തന്നെ ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാജന്റെ കൈക്കും, നെഞ്ചിലും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.