പരിശോധനയില്‍ പിടിച്ചെടുത്തത് അഞ്ചര ലിറ്റര്‍ ചാരായം; വില്‍പ്പനയ്ക്കായി സൂക്ഷിച്ച നാടന്‍ ചാരായവുമായി പെരുവണ്ണാമൂഴിയില്‍ ഒരാള്‍ അറസ്റ്റില്‍


പെരുവണ്ണാമൂഴി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച നാടന്‍ ചാരായവുമായി പെരുവണ്ണാമൂഴിയില്‍ ഒരാള്‍ അറസ്റ്റില്‍. പെരുവണ്ണാമൂഴി മാത്തൂര്‍ സ്വദേശി കാലായില്‍ തോമസ് ആണ് പിടിയിലായത്.

പേരാമ്പ്ര ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നിര്‍ദേശ പ്രകാരം ഡി.വൈ.എസ്.പി സ്‌ക്വാഡും പെരുവണ്ണാമൂഴി എസ്.ഐ ജിതിന്‍വാസിന്റെ നേതത്വത്തിലുള്ള പൊലീസുമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

ഇയാളില്‍ നിന്നും അഞ്ചര ലിറ്റര്‍ നാടന്‍ ചാരായം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി അറിയിച്ചു.

കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി പ്രദേശത്ത് നടത്തിയ പോലീസ് റെയ്ഡില്‍ വാഷും വാറ്റുപകരണങ്ങളും ചാരായവും കണ്ടെത്തി നശിപ്പിച്ചിരുന്നു.