മാഹി ബൈപ്പാസിൽ സിഗ്നലിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു


തലശ്ശേരി: മാഹി ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശിയായ ശിവപ്രസാദാണ് (43) മരണപ്പെട്ടത്. മുഴപ്പിലങ്ങാട് ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിൽ ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം.

ശിവപ്രസാദിന്റെ ഭാര്യ ദേവിശ്രീക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. പിന്‍ സീറ്റിലായിരുന്ന മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാസർകോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽ നിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്ന ലോറി സിഗ്നൽ ലഭിക്കാനായി കാത്തുനില്‍ക്കുമ്പോഴായിരുന്നു നിയന്ത്രണം വിട്ട കാര്‍ വന്നിടിച്ചത്‌. ഇടിയുടെ ആഘാതത്തിൽ ലോറി അൽപ്പം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു.

കര്‍ണാടകയില്‍ നിന്നും യാത്ര കഴിഞ്ഞ് ആലപ്പുഴയിലേക്ക് പോവുകയായിരുന്നു ശിവപ്രസാദും കുടുംബവും. ശിവപ്രസാദായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന ശിവപ്രസാദ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്. സംഭമറിഞ്ഞ് തലശ്ശേരി അഗ്നിശമന സേനയും, തലശ്ശേരി പോലീസും സ്ഥലത്തെത്തി. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

പരിക്കേറ്റ ഭാര്യയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവപ്രസാദിന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.