താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു; വന്‍ ഗതാഗതക്കുരുക്ക്



താമരശ്ശേരി:
താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്.

ചുരം ഒന്നാം വളവിന് മുകളില്‍ ചിപ്പിലിതോടാണ് അപകടം നടന്നത്. ടൈല്‍ കയറ്റിവന്ന ലോറിക്കാണ് തീപ്പിടിച്ചത്. ഷോട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വാഹനത്തില്‍ നിന്നും തീ ഉയരുന്നത് കണ്ട ലോറി ഡ്രൈവര്‍ പുറത്തിറങ്ങി അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. മുക്കത്തുനിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

അപകടത്തിന് പിന്നാലെ ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തില്‍ ആണ് കടത്തിവിടുന്നത്.