ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണു; പയ്യോളിയിൽ വീട് ഭാഗികമായി തകർന്ന നിലയിൽ
പയ്യോളി: ദുരന്തം വിതച്ച് കനത്ത മഴ. ഇന്ന് പുലർച്ചെ പെയ്ത ശക്തമായ മഴയിലും കാറ്റിലും തെങ്ങ് വീണ് പയ്യോളിയിൽ വീട് ഭാഗികമായി തകർന്ന നിലയിൽ. അയനിക്കാട് കലാലയയ്ക്ക് സമീപം ആനോടി ഗണേശൻറെ വീടാണ് തെങ്ങ് വീണു തകർന്നത്.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. തെങ്ങ് മറ്റൊരു തെങ്ങിൽ തട്ടിയതിന് ശേഷമാണ് വീടിന് മുകളിൽ പതിച്ചത്. അതിനാൽ വലിയ ദുരന്തം ഉണ്ടാവുന്നതിൽ നിന്ന് ഒഴിവായി.
പുലർച്ചെ ഉറക്കത്തിൽ വലിയൊരു ശബ്ദം കേട്ടാണ് വീട്ടുകാർ എഴുനേറ്റു വന്നത്. പരിശോധിച്ചപ്പോഴാണ് വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര ഭാഗികമായി തകർന്നതായി കണ്ടത്. കുടുംബാംഗങ്ങൾക്കാർക്കും പരിക്കുകളില്ല.
കാലവർഷം ശക്തമായതോടെ ജില്ലയിൽ മഴക്കെടുതിയും രൂക്ഷമാണ്. അറബിക്കടലിൽ പടിഞ്ഞാറൻ – തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 14 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.