കുറ്റിക്കാട്ടൂരില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; അതിഥി തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പായ്ക്കറ്റുകളാക്കി കഞ്ചാവ് വിതരണം, കുറ്റിക്കാട്ടൂരില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി കഞ്ചാവുമായി പിടിയില്‍


കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ നിന്നും കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിലായി. കൊല്‍ക്കത്ത ശാരദാബാദ് സ്വദേശി നജീംമുള്ള (26) യെ ആണ് രണ്ട് കിലോ മുന്നൂറ് ഗ്രാം കഞ്ചാവുമായി ഡാന്‍സാഫും മെഡിക്കല്‍ കോളേജ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടിയിലായത്. നിര്‍മ്മാണ മേഖലയിലെ തൊഴിലാളി എന്ന നിലയിലാണ് ഇയാള്‍ കുറ്റിക്കാട്ടൂരില്‍റൂമെടുത്ത് താമസിക്കുന്നത്.

ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വലിയപാക്കറ്റുകളില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. കൂടാതെ കഞ്ചാവ് വില്‍പ്പന നടത്തുന്നതിന് ആവശ്യമായ പാക്കറ്റുകളും റൂമില്‍ നിന്ന് പിടിച്ചെടുത്തു. 500 രൂപ മുതല്‍വില വരുന്ന പാക്കറ്റുകള്‍ ആക്കിയാണ് കഞ്ചാവ് വില്പന. പ്രധാനമായും അതിഥി തൊഴിലാളികളെയും വിദ്യാര്‍ത്ഥികള്‍ക്കിടയിലുമാണ് ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നത്. ഓരോ തവണയും നാട്ടില്‍ പോയി മടങ്ങുമ്പോള്‍ കഞ്ചാവുമായാണ് കോഴിക്കോട് എത്തുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശിയുടെ മുറിയില്‍ നിന്നും 7 കിലോ കഞ്ചാവ് ഫറോക്ക് പോലീസ് പിടികൂടിയിരുന്നു.കുറ്റിക്കാട്ടൂര്‍ മേഖലയില്‍ വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളായി ഡാന്‍സാഫിന്റെ നേതൃത്വത്തില്‍ ഈ ഭാഗത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഇന്നലെ രാത്രിയോടെകഞ്ചാവുമായി പോവുകയായിരുന്ന നജീംമുള്ളയെ ഡാന്‍സാഫ് വലയിലാക്കിയത്.

മെഡിക്കല്‍ കോളേജ് എസ് ഐ സൈഫുള്ള, ഡാന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത്,മെഡിക്കല്‍ കോളേജ് എസ്‌ഐ സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ സരുണ്‍ കുമാര്‍ എം.കെ ഷിനോജ്, എന്‍.കെ ശ്രീശാന്ത്, മുഹമ്മദ് മഷ്ഹൂര്‍, ബിജു ജയിംസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.