ഫിറോസില്ലെങ്കിലും മകളുടെ വിവാഹം സുഹൃത്തുക്കള്‍ ഗംഭീരമാക്കി; ബസുകളില്‍ പുസ്തകം വില്‍പ്പനക്കാരനായ തലശ്ശേരി സ്വദേശിയുടെ കുടുംബത്തിന് തുണയായി തെരുവുകച്ചവടക്കാരുടെ കൂട്ടായ്മ


തലശ്ശേരി: ആറുവര്‍ഷം മുമ്പാണ് തലശ്ശേരി സ്വദേശിയായ ഫിറോസ് മരണപ്പെടുന്നത്. ബസ്സുകളില്‍ പുസ്തക വില്‍പ്പനക്കാരനായിരുന്ന ഫിറോസ് കച്ചവടത്തിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ആറുവര്‍ഷത്തിനിപ്പുറം ഫിറോസിന്റെ മകള്‍ ജന്നത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കുടുംബത്തിന് തുണയായത് ഫിറോസിനെപ്പോലെ തെരുവില്‍ കച്ചവടം നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിന് തൊഴിലാളികള്‍.

കാസര്‍കോട് പടന്ന വടക്കേപ്പുറം ഏരമ്പ്രത്താണ് ഫിറോസിന്റെ കുടുംബം ഇന്ന് താമസിക്കുന്നത്. ഇവിടെ വെച്ചായിരുന്നു വിവാഹ ചടങ്ങും നടന്നത്. ബസുകളിലും തെരുവുകളിലും സാധനങ്ങള്‍ വിറ്റ് ജീവിക്കുന്ന നൂറോളം ആളുകള്‍ ചടങ്ങിനെത്തി. തങ്ങളാല്‍ ആവും വിധം പണമായും വിവാഹ ഭക്ഷണത്തിനുവേണ്ട സാധനങ്ങളായും ഇവര്‍ കുടുംബത്തിന് നല്‍കി. ചടങ്ങിനെത്താനാവാത്തവര്‍ തങ്ങളാല്‍ കഴിയാവുന്ന സഹായം എത്തിച്ചുനല്‍കാനും മറന്നില്ല. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കച്ചവടക്കാരാണ് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ഈ കുടുംബത്തിന് സഹായത്തിനെത്തിയത്.

ജോമോന്‍ തച്ചില്‍, അറഫാത്ത് പയ്യന്നൂര്‍, ഹനീഫ വളാഞ്ചേരി, റസാഖ് പയ്യന്നൂര്‍ , ഹമീദ് മാഹി, ഇക്ബാല്‍ ഫറോക്ക് , ബഷീര്‍ പെരുവളത്ത് പറമ്പ്,അറഫാത് പയ്യന്നൂര്‍, സിറാജ്, ശശി കാസറഗോഡ്, അസിസ് തലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. വിവാഹ ചടങ്ങുകള്‍ ഭംഗിയാക്കിയാണ് കുടുംബം മടങ്ങിയത്.