സംശയാസ്പദമായ രീതിയില്‍ കണ്ട കാറിനെ പിന്തുടരവെ പോലീസിനു നേരെ ആക്രമണം; കോഴിക്കോട് സ്വദേശികള്‍ ഉള്‍പ്പെടെ നാലംഗസംഘം അറസ്റ്റില്‍


കണ്ണൂര്‍: പൊതുവാച്ചേരിയില്‍ പോലീസിനെ ആക്രമിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്ത നാലംഗസംഘം പിടിയില്‍. കോഴിക്കോട് കോട്ടൂളി സ്വദേശി ഇ.കെ നിധിന്‍ (26), ഒളവണ്ണ സ്വദേശി നവീന്‍ ഏലിയാസ് (28), മാവിലായിയിലെ പി അബ്ദുള്‍ റഹീം (31), മരക്കാര്‍ക്കണ്ടിയിലെ സി മുഹമ്മദ് ഷാഹിദ് (23) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച്ച് പുലര്‍ച്ചെ കേസുമായി ബന്ധപ്പെട്ട് എത്തിയ എടക്കാട് സ്റ്റേഷനിലെ പോലീസുകാര്‍ക്കും വാഹനത്തിനും നേരേയാണ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘം ആയുധങ്ങളുമായി ആക്രമണം നടത്തിയത്. സംശയാസ്പദമായ രീതിയില്‍ കണ്ട കാറിനെ പിന്തുടര്‍ന്നപ്പോഴായിരുന്നു ആക്രമണം. സംഘം പോലീസിന് നേരേ വടിവാള്‍ വീശി രക്ഷപ്പെട്ടു. അക്രമത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച്ച രാത്രി പയ്യന്നൂരിലെ ഹോട്ടലില്‍വെച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ പയ്യന്നൂരിലെ ഹോട്ടലില്‍ ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ റെയ്ഡ് ചെയ്ത് നാല് പ്രതികളെയും പിടികൂടുകയായിരുന്നു.

ഹോട്ടലില്‍ വെച്ചും ഇവര്‍ പോലീസിനുനേരേ അക്രമം നടത്തിയെന്നും പോലീസ് പറഞ്ഞു. മുന്‍പ് പൊതുവാച്ചേരിയില്‍നിന്ന് ലഹരിമരുന്ന് കേസില്‍ പിടിയിലായ അബ്ദുള്‍ റഹീമുമായി ബന്ധമുള്ളവരാണ് ഇവര്‍ എന്നും പോലീസ് വ്യക്തമാക്കി.