കടലിന്റെ സൗന്ദര്യവും തിരമാലകളുടെ വന്യതയും ആവോളം നുകര്‍ന്ന് കടലിലൂടെ നൂറ് മീറ്ററോളം കാല്‍നടയായി സവാരി; പഴുതടച്ച സുരക്ഷ, ബേപ്പൂരില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പുനരാരംഭിച്ചു
ബേപ്പൂര്‍: നൂറ് മീറ്ററോളം തിരമാലകള്‍ക്ക് മുകളിലൂടെ കടലിലേക്ക് കാല്‍നടയായി യാത്രയും അതോടൊപ്പം എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും. ബേപ്പൂരില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം പുനരാരംഭിച്ചു. ബേപ്പൂര്‍ പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് കടലിലേക്ക് 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ ഉതകുന്ന രീതിയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചിട്ടുള്ളത്.
കടലിന്റെ സൗന്ദര്യവും തിരമാലകളുടെ വന്യതയും ആവോളം നുകരാനും ഉതകുന്ന രീതിയില്‍ കടലിലേക്കുള്ള കാല്‍നടയാത്ര തികച്ചും ഒരു പുതിയ അനുഭവം ഒരുക്കും. അഡ്വഞ്ചര്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ബേപ്പൂര്‍ പോര്‍ട്ട് അതോറിറ്റിയും മുന്‍കൈയെടുത്താണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് ബേപ്പൂരില്‍ എത്തിച്ചത്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവേശനം.
പഴുതടച്ച സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും ലൈഫ് ഗാര്‍ഡുമാരുടെയും മത്സ്യത്തൊഴിലാളികളുടെയും സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രത്യേകതരത്തില്‍ രൂപകല്‍പന ചെയ്ത് ഫൈബറില്‍ നിര്‍മിച്ച ഉള്ളുപൊള്ളയായ ഇന്റര്‍ലോക്ക് സിസ്റ്റത്തിലുള്ള കട്ടകള്‍ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടല്‍പരപ്പിന് മുകളില്‍ 100 മീ. കടലിനുള്ളിലേക്ക് യാത്ര ചെയ്യാന്‍ ഉതകുന്ന രീതിയില്‍ കടല്‍യാത്രക്കുള്ള പ്ലാറ്റ്‌ഫോം നിര്‍മിച്ചത്.
മൂന്നുമീറ്റര്‍ വീതിയില്‍ രണ്ടുഭാഗത്തും കൈവരികളോടെ നിര്‍മിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീ. നീളവും 7 മീ. വീതിയിലും ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്‌ഫോമും നിര്‍മിച്ചിട്ടുണ്ട്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ലഹരി ഉപയോഗിച്ചവര്‍ക്കും പ്രവേശനം അനുവദിക്കുന്നതല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മര്‍ക്കന്റയില്‍ മറൈന്‍ വകുപ്പ് ചട്ടപ്രകാരം മണ്‍സൂണിനു മുന്നോടിയായി ജൂണില്‍ നിര്‍ത്തിവെച്ച സര്‍വ്വീസാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്.
summary: a floating bridge has resumed operations at beypure, a hundred meter walk into the sea