ബസ് ഇറങ്ങിയപ്പോള്‍ അച്ഛനെയും അമ്മയേയും കാണാനില്ല; കുന്ദമംഗലത്ത് ഒറ്റപ്പെട്ടുപോയ അഞ്ചുവയസുകാരന് തുണയായത് പൊലീസിന്റെ സമയോചിത ഇടപെടല്‍


കുന്ദമംഗലം: പോലീസിന്റെ സമയോചിത ഇടപെടല്‍ കാരണം അഞ്ച് വയസുകാരനെ രക്ഷിതാക്കള്‍ക്ക് തിരികെ ലഭിച്ചു. കുന്ദമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഒറ്റപ്പെട്ടുപോയ ഇതരസംസ്ഥാനക്കാരനായ കുട്ടിയ്ക്കാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് തുണയായത്.

രക്ഷിതാക്കള്‍ക്കൊപ്പം മുക്കത്തുനിന്നും കോഴിക്കോടേക്കുള്ള ബസില്‍ കയറിയതാണ് കുട്ടി. കുന്ദമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഇറങ്ങിയപ്പോള്‍ രക്ഷിതാക്കളെ കാണാനില്ല. ഇതോടെ കുട്ടി കരഞ്ഞുകൊണ്ട് അച്ഛനെയും അമ്മയെയും അന്വേഷിക്കാന്‍ തുടങ്ങി.

കുട്ടിയുടെ മുഖത്തെ പരിഭ്രമം ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് വേലായുധന്‍ കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു. കുട്ടിയെ സമാധാനിപ്പിച്ച് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ എസ്.ഐ. കെ.പി.രമേശന്‍, സി.പി.ഒ ഷമീര്‍, ഹോഗാര്‍ഡ് മോഹനന്‍ എന്നിവരുടെ ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ രക്ഷിതാക്കളെ കണ്ടെത്തി കുട്ടിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു.