പാട്ടും മിമിക്രിയും കരോക്കെയുമായി ബോട്ടുകളില്‍ അവര്‍ ഒത്തുകൂടി; പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ആസ്വാദ്യകരമായ അനുഭവമായി മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമൊരുക്കിയ കുടുംബ സംഗമം


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. അകലാപ്പുഴ ടൂറിസത്തിന്റെ ഭാഗമായുള്ള വിനോദ സഞ്ചാര ബോട്ടുകളില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. പാലിയേറ്റീവ് പരിചരണത്തില്‍പ്പെട്ടവരെയും കൂട്ടിരിപ്പുകാരെയും ആശാ വര്‍ക്കര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ തന്നെ അവരവരുടെ വീടുകളില്‍ നിന്നും കുടുംബ സംഗമത്തിലേക്ക് എത്തിച്ചു.

കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ബോട്ടുകളിലായാണ് യാത്ര ആരംഭിച്ചത്. പഞ്ചായത്തിലെ കാലാകാരന്മാര്‍ മിമിക്രിയും, കരോക്കെയും, ആശാവര്‍ക്കര്‍മാരും, കുംടുംബാരോഗ്യകേന്ദ്രം ജീവനക്കാരും, പ്രസിഡന്റ് ഉള്‍പ്പെടെ മെമ്പര്‍മാരും നൃത്തച്ചുവടുകള്‍ അവതരിപ്പിച്ചപ്പോള്‍ അവശതയാല്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ വീടുകളില്‍ ഒതുങ്ങി കഴിയേണ്ടിവന്നവര്‍ എല്ലാം മറന്ന് സംഘാടകര്‍ക്കൊപ്പം ആസ്വദിച്ചു. ഓരോരുത്തര്‍ക്കും ഒരു ഗിഫ്റ്റും സമ്മാനിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജാ പട്ടേരിയുടെ അധ്യക്ഷതയില്‍ ആരോഗ്യ, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ.ഭാസ്‌കരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഖില, വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് ഡോ :അനസ് സ്വാഗതവും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീന നന്ദിയും പറഞ്ഞു.