അരിക്കുളത്ത് പശു കിണറ്റില്‍വീണ് ചത്തു; എഴുപതടി താഴ്ചയുള്ള കിണറ്റില്‍ നിന്നും പശുവിനെ പുറത്തെടുത്ത് കൊയിലാണ്ടിയിലെ അഗ്നിരക്ഷാസേന
അരിക്കുളം: അരിക്കുളത്ത് പശു കിണറ്റില്‍വീണ് ചത്തു. മാവട്ട് ചാലക്കല്‍ മീത്തല്‍ വീട്ടില്‍ ദേവിയുടെ വീട്ടുപറമ്പിലെ കിണറ്റിലാണ് പശു വീണത്. ഏതാണ്ട് ഏഴുപത് അടിയോളം താഴ്ചയുള്ള കിണറാണിത്. കിണറ്റിന് ആള്‍മറയുമുണ്ടായിരുന്നില്ല.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് പശുവിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.കെ.ഇര്‍ഷാദ്, ജിനീഷ് കുമാര്‍ എന്നിവര്‍ ബ്രീത്തിങ് അപ്പാരസെറ്റിന്റെ സഹായത്തോടുകൂടി കിണറ്റില്‍ ഇറങ്ങുകയും ഏകദേശം അര മണിക്കൂര്‍ ഓളം സാഹസപ്പെട്ട് പശുവിനെ ബെല്‍റ്റ് കൊണ്ട് കെട്ടി സേനാംഗങ്ങളുടെയും സഹായത്തോടുകൂടി കരക്കെത്തിക്കുകയുമായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.എം.അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍, പി.കെ.ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ബിനീഷ്.കെ, കെ.എം.സനല്‍രാജ്, കെ.ഷാജു, ഹോംഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.