തൊടുപുഴയിൽ നിർത്തിയിട്ടിരുന്ന കാർ കത്തി; ഒരാൾ വെന്തുമരിച്ചു


ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തിനശിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് മരിച്ചത്. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞു.

ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കാർ സിബിയുടേത് തന്നെയെന്ന് ബന്ധു റോയ് തിരിച്ചറിഞ്ഞു. കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇദ്ദേഹം വണ്ടിയോടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. സിബിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളില്ലെന്നും കാർ കത്തിയുള്ള അപകടമാകാമെന്ന് സംശയിക്കുന്നുവെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

കാര്‍ കത്തിയിടത്തുനിന്ന് നാല് കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതിചെയ്യുന്നത്. അപകടകാരണം വ്യക്തമല്ല. പോലീസും ഫോറന്‍സിക് വിദഗ്ധരും വിശദാന്വേഷണം ആരംഭിച്ചു.