ദയ പാലിയേറ്റീവിന്റെ പുതിയ കെട്ടിടം മുചുകുന്നില്‍ ഉദ്ഘാടനം ചെയ്തു; എല്ലാദിവസവും ഡോക്ടര്‍മാരുടെ സേവനവും ലാബ് സൗകര്യവും
കൊയിലാണ്ടി: മുചുകുന്ന് ഗവണ്മെന്റ് കോളേജിനു സമീപം നിര്‍മ്മിച്ച ദയ പാലിയേറ്റീവിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം അബു സലീമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെട്ടിടത്തോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ലാബ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ നാടിനു സമര്‍പ്പിച്ചു.
നാട്ടുകാരുടെ സഹായ സഹകരണത്തോടെ നിര്‍മ്മിച്ച കെട്ടിടം തറക്കല്ലിട്ട് 150 ദിവസത്തിനുള്ളിലാണ് പൂര്‍ത്തീകരിച്ചത്. ഇവിടെ ദിവസവും രാവിലെ ഒമ്പതു മണിമുതല്‍ ഏഴുമണിവരെ ഡോക്ടറുടെ സേവനവും ഫാര്‍മസി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കെട്ടിട നിര്‍മ്മാണത്തിനായുള്ള ധനശേഖരണാര്‍ത്ഥം നടപ്പിലാക്കിയ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പും ഉദ്ഘാടന വേളയില്‍ നടന്നു. മുചുകുന്ന സ്വദേശിയായ അഖില്‍ സി.പി ഒന്നാം സമ്മാനത്തിന് അര്‍ഹനായി.
ചടങ്ങില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോ. സന്ധ്യകുറുപ്പ് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ ലതിക, ലത, സിന്ധു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടിയും സംഘടിപ്പിച്ചിരുന്നു.