പണിമുടക്കി കൊയിലാണ്ടിയും; വ്യാപാര, ​ഗതാ​ഗത മേഖല സ്തംഭിച്ച നിലയിൽ


കൊയിലാണ്ടി: ദേശീയ പണിമുടക്ക് പിന്നിട്ടു മണിക്കൂറുകൾ കഴിയുമ്പോൾ സ്തംഭിച്ച് കൊയിലാണ്ടി. ഇന്നലെ അർദ്ധരാത്രിയോടെ ആരംഭിച്ച പൊതു പണിമുടക്കിൽ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് നാട്. സർക്കാർ ഓഫീസുകളും സ്കൂളുകളും പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്. കച്ചവട സ്ഥാപനങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല. രണ്ടു ദിവസം അടവായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പല കടകളിലും പതിവിലും കൂടുതൽ തിരക്കനുഭവപെട്ടിരുന്നു. പണിമുടക്കിന്റെ ആദ്യ മണിക്കൂറുകളിൽ കൊയിലാണ്ടിയിൽ പൊതുവെ ജനങ്ങൾ സമരത്തോട് സഹകരിച്ച നിലയിലാണ് ഉള്ളത്.

 

പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും ഉൾപ്പടെയുള്ള അവശ്യ സർവ്വീസുകൾ മാത്രമാണ് കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്നത്.

വാഹന ഗതാഗതവും സ്തംഭിച്ച നിലയിലാണ്. ഒറ്റപ്പെട്ട നിലയിൽ ഏതാനും സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. ഏതാനും കാൽനടക്കാരും റോഡിലുണ്ട്. ബസ് ഗതാഗതവും സ്തംഭിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചതിനെ തുടർന്ന് പല സ്വകാര്യബസ്സുകളും കഴിഞ്ഞ ദിവസം ഉച്ചയോടെ സർവീസ് നടത്തിയെങ്കിലും അർദ്ധരാത്രിയോടെ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ചയോടെ മാത്രമേ ബസ് ഗതാഗതം സാധാരണനിലയിലാകൂ. ഓട്ടോ, ടാക്സി സർവീസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് അർധരാത്രി മുതല്‍ ആരംഭിച്ചു. ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

29-ാം തീയതി വരെയാണ് പണിമുടക്ക്. എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിലുയര്‍ത്തുന്ന പ്രധാന പ്രതിഷേധം. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.

അവശ്യപ്രതിരോധസേവനനിയമം പിൻവലിക്കുക, കൊവിഡ് കാലപ്രതിസന്ധിയിൽ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവർക്ക് പ്രതിമാസം 7500 രൂപ നൽകുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തും പണിമുടക്ക് ജനജീവിത്തെ സാരമായി ബാധിച്ചേക്കും. 22 തൊഴിലാളി സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കിൽ പങ്കെടുക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് പുറമേ വാഹനഗതാഗതവും പണിമുടക്കില്‍ സ്തംഭിച്ചു. പണിമുടക്കിന് മുന്നോടിയായി റേഷൻകടകളും സഹകരണബാങ്കുകളും ഞായറാഴ്ച പ്രവര്‍ത്തിച്ചിരുന്നു.