പഞ്ചായത്ത് സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; ഏപ്രില്‍ ഒന്ന് മുതല്‍ മൂന്നുവരെ അപേക്ഷകള്‍ ഫ്രണ്ട് ഓഫീസില്‍ സ്വീകരിക്കില്ലെന്ന് അറിയിപ്പ്


കൊയിലാണ്ടി: ഏപ്രില്‍ ഒന്ന് രണ്ട് മൂന്ന് തിയ്യതികളില്‍ അപേക്ഷകള്‍ ഫ്രണ്ട് ഓഫീസില്‍ സ്വീകരിക്കില്ലെന്ന് പഞ്ചായത്തുകളുടെ അറിയിപ്പ്. പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിനുവേണ്ടി പുതിയ സോഫ്റ്റ്‌വെയര്‍ ആയ ഐ.എല്‍.ജി.എം.എസിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.

ഏപ്രില്‍ മൂന്നുവരെ ഐ.എല്‍.ജി.എം.എസ് സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ മുഖേനയുള്ള സേവനങ്ങളും ലഭ്യമാകില്ല.

ഗ്രാമപഞ്ചായത്തുകളിലെ ഭരണ നിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതനമായ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം അഥവാ ഐ.എല്‍.ജി.എം.എസ്. പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം മുന്‍നിര്‍ത്തിയാണ് ഐ.എല്‍.ജി.എം.എസ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

ഫ്രണ്ട് ഓഫീസില്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ അത് പരിശോധിച്ച് പൂര്‍ണമാണോ എന്നും അനുബന്ധ രേഖകളെല്ലാം തന്നെ പരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാനും ഐ.എല്‍.ജി.എം.എസില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകളുടെ തല്‍സ്ഥിതി പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ ട്രാക്ക് ചെയ്യാനും സേവനം ഉറപ്പുവരുത്താനും സാധിക്കും.