വെള്ളക്കെട്ടും ഗതാഗതകുരുക്കും പതിവ്; അപകടങ്ങളും യാത്രാ പ്രശ്‌നവും രൂക്ഷമായിട്ടും മൂരാട് ഓയില്‍മില്ലിലെയും പയ്യോളിയിലെയും ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാതെ അധികൃതര്‍


പയ്യോളി: മഴ കനത്തിട്ടും അപകടങ്ങളും ഗതാഗതക്കുരുക്കും തുടര്‍ക്കഥയായിട്ടും മൂരാട് ഓയില്‍മില്‍ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമായില്ല. ഒന്നോ രണ്ടോ മണിക്കൂര്‍ മഴ ശക്തമായി പെയ്താല്‍ മുട്ടോളം വെള്ളം നില്‍ക്കുന്ന അവസ്ഥയാണ്. ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷാ പോലുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവിടെ ഗതാഗതം പൂര്‍വ്വസ്ഥിതിയിലാവുന്നത്.

രാത്രികാലങ്ങളിലാണ് സ്ഥിതി കൂടുതല്‍ ദയനീയമാവുന്നത്. ഇപ്പോള്‍ പയ്യോളിയെ കൂടാതെ മൂരാട് ഓയില്‍മില്‍ ജംഗ്ഷനില്‍ നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന റോഡ് ശക്തമായി ഒരു മഴ പെയ്താല്‍ തന്നെ പുഴക്ക് സമാനമായ രീതിയിലാണുള്ളത്. വെള്ളക്കെട്ട് കുറഞ്ഞാല്‍ പിന്നില്‍ ചെറുവാഹനങ്ങള്‍ തെന്നിവീഴുന്ന തരത്തിലുള്ള ചെളിയാണ്.

മൂരാട് മാത്രമല്ല, പയ്യോളി ടൗണിലും സ്ഥിതി ഇതുതന്നെയാണ്. കോഴിക്കോട്ട് ഭാഗത്തേക്കുള്ള സര്‍വ്വവീസ് റോഡില്‍ വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്ക് പതിവാണ്. ടൗണില്‍ കോടതിക്ക് മുമ്പിലും പെരുമാള്‍പുരത്തുമടക്കം ഭൂരിഭാഗം സ്ഥലങ്ങളിലും സര്‍വ്വീസ് റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്.

ദീര്‍ഘദൂര വാഹനങ്ങളടക്കം അധികദൂരം താണ്ടി ഊടുവഴികളിലൂടെയും മറ്റും പോകേണ്ടിവരുന്ന സ്ഥിതിയാണ്. കുട്ടികളുമായി പോകുന്ന ചെറിയ സ്‌കൂള്‍ വാഹനങ്ങളെല്ലാം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

കോഴിക്കോട് ഭാഗത്തെ സര്‍വിസ് റോഡും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ ജൂണ്‍ പത്തിന് റെയില്‍വെ ജീവനക്കാരനായ ഇരുചക്രയാത്രികന് കുഴിയില്‍ വീണ് ദാരുണാന്ത്യം സംഭവിച്ചിട്ടും അധികൃതര്‍ക്ക് യാതൊരുവിധ കുലുക്കമില്ല. നേരത്തെ വെള്ളക്കെട്ടുണ്ടായ സമയത്ത് പ്രതിഷേധമുയര്‍ന്നപ്പോള്‍ മഴയൊന്ന് കുറഞ്ഞാലേ താല്‍ക്കാലിക പരിഹാരമെങ്കിലും കാണാനാവൂവെന്നാണ് പറഞ്ഞിരുന്നത്.

കഴിഞ്ഞയാഴ്ചകളില്‍ കാര്യമായ മഴയൊന്നുമുണ്ടായിട്ടില്ലെന്നിരിക്കെ ഇവിടെ യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല. മഴയത്ത് വെള്ളമാണ് പ്രശ്‌നമെങ്കില്‍ വെയില്‍സമയങ്ങളില്‍ പൊടിയാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇവിടുത്തെ പ്രശ്‌നത്തിന് എത്രയും വേഗം നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.