‘പൈപ്പിട്ടിട്ട് ഒരുവര്‍ഷത്തോളമായേ ഉള്ളൂ, മുറ്റത്ത് മഴയുള്ളപ്പോഴും ഇല്ലാത്തപ്പോഴും വെള്ളക്കെട്ടാണ്’; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ജല്‍ജീവന്‍ പദ്ധതിയുടെ പൈപ്പുകളില്‍ ലീക്കേജ്, വ്യാപക പരാതി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായുള്ള ജലവിതരണ ശൃംഖലയില്‍ പലഭാഗങ്ങളിലും ലീക്കുകാരണം ജലംപാഴായിപ്പോകുന്നെന്ന് നാട്ടുകാരുടെ പരാതി. അരിക്കുളം പഞ്ചായത്തിനോട് ചേര്‍ന്നുവരുന്ന മേപ്പയ്യൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലാണ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്.
വീടുകളിലേക്ക് കണക്ഷന്‍ നല്‍കിയ ഭാഗത്ത് പൈപ്പുകള്‍ ശരിയായി ഉറപ്പിച്ചിട്ടില്ല. വാര്‍ഡിലെ മിക്ക വീടുകളിലും ടാപ്പുള്ള ഭാഗത്ത് ലീക്കുകാരണം മുറ്റത്ത് വെള്ളം നില്‍ക്കുന്ന സ്ഥിതിയാണ്. കൂടാതെ റോഡിലും പൈപ്പ് കടന്നുപോകുന്ന മറ്റിടങ്ങൡും ലീക്കുളളതിനാല്‍ വലിയ തോതില്‍ വെള്ളം പാഴായി പോകുന്ന സ്ഥിതിയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
മലപ്പുറത്തുള്ള മിഡ്‌ലാന്‍ഡ് എന്ന കമ്പനിയാണ് പൈപ്പിടല്‍ പ്രവൃത്തി നടത്തിയത്. പൈപ്പുകളിട്ട് ജലവിതരണം ആരംഭിച്ചിട്ട് ഒരുവര്‍ഷമായിട്ടേയുള്ളൂ. ഇതിനിടയിലാണ് ലീക്കേജ് വന്നിരിക്കുന്നത്.
ഒരിടത്ത് അറ്റകുറ്റപ്പണി നടത്തി ലീക്ക് ഒഴിവാക്കി കുറച്ചുദിവസത്തിനുള്ളില്‍ മറ്റൊരു ഭാഗത്ത് ലീക്ക് വരുന്ന അവസ്ഥയാണ്. തൊട്ടടുത്ത അരിക്കുളം പഞ്ചായത്തിലെ ഒരു ഭാഗത്തും നിലവില്‍ പ്രശ്‌നമില്ലെന്നും മേപ്പയ്യൂരില്‍ ഉപയോഗിച്ച പൈപ്പിന് ഗുണമേന്മയില്ലാത്തതാണ് ലീക്കിന് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കരാറുകാരനെ പരാതിപ്പെടാനായി വിളിക്കുമ്പോള്‍ കിട്ടാത്ത അവസ്ഥയാണെന്നും ഇതിനെതിരെ പ്രതിഷേധത്തിന് ഇറങ്ങേണ്ട സ്ഥിതിയാണ് നാട്ടുകാരെന്നും പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
വാര്‍ഡില്‍ പല ഭാഗത്തും ലീക്ക് വന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കുടിവെള്ളപ്രശ്‌നം കണക്കിലെടുത്ത് ധൃതിയില്‍ പ്രവൃത്തി നടത്തിയതാവാം ഇതിന് കാരണമെന്നുമാണ് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ അനീഷ് കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഇവിടെ പലഭാഗത്തും കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. അത് കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷം ധൃതിയില്‍ അരിക്കുളം പഞ്ചായത്തിലെ ജല്‍ജീവന്‍ പദ്ധതിയില്‍ നിന്നും ഇങ്ങോട്ടേക്ക് കണക്ഷന്‍ എടുത്ത് കുടിവെള്ളവിതരണം ഉറപ്പാക്കുകയായിരുന്നു. ധൃതിപിടിച്ചുള്ള പണിയായതിനാല്‍ പലയിടത്തും പൈപ്പുകള്‍ നന്നായി ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് ഇളകുകയും ലീക്ക് വരികയും ചെയ്യുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
പൈപ്പിന് ഗുണമേന്മ കുറവാണെന്ന ആക്ഷേപത്തോട് യോജിപ്പില്ല. ഗുണമേന്മ ഉറപ്പാക്കിയാല്‍ മാത്രമേ വാട്ടര്‍ അതോറിറ്റി പൈപ്പിടാന്‍ അനുമതി നല്‍കാറുള്ളൂ. അരിക്കുളം പഞ്ചായത്തില്‍ കറുത്ത നിറത്തിലുളള പൈപ്പാണ് ഇട്ടത്. ഇവിടെ വെള്ളയും. ഇതിനെക്കുറിച്ചുള്ള അജ്ഞത കാരണമാകാം പൈപ്പിന് ഗുണമേന്മയില്ലെന്ന ആക്ഷേപമുന്നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അറ്റകുറ്റപ്പണികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ജലവിതരണം കുറച്ചുദിവസത്തേക്ക് പൂര്‍ണമായി നിര്‍ത്തിവെക്കേണ്ടിവരും. നിലവിലെ സ്ഥിതിയില്‍ ഇങ്ങനെ നിര്‍ത്തിവെക്കുന്നത് വാര്‍ഡിലെ ഉയരംകൂടിയ ഭാഗത്തുള്ളവര്‍ക്ക് വെള്ളമില്ലാത്ത അവസ്ഥയുണ്ടാക്കും. അവിടങ്ങളിലെ ജലാശയങ്ങളില്‍ വെള്ളമായശേഷം അറ്റകുറ്റപ്പണി നടത്തുമെന്നും വാര്‍ഡ് മെമ്പര്‍ അറിയിച്ചു.