കുവെെത്തിലെ തീപിടിത്തം: പരിക്കേറ്റവരിൽ നടുവണ്ണൂർ സ്വദേശിയും


കുവൈറ്റ് സിറ്റി: മംഗഫ് അഗ്നിബാധ അപകടത്തിൽപ്പെട്ടവരിൽ നടുവണ്ണൂർ സ്വദേശിയും. നടുവണ്ണൂർ തിരുവോട് സ്വദേശി ആശാരി കണ്ടി രജിത്താണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രജിത്തിനെ കുവൈറ്റ് കെ.എം.സി.സി. പ്രതിനിധികൾ സന്ദർശിച്ചു.

കെ.എം.സി.സി.ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡൻറ് ഇക്ബാൽ മാവിലാടം, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഉപദേശക സമിതി വൈസ് ചെയർമാർ ബഷീർ ബാത്ത തുടങ്ങിയവരാണ്ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രജിത്തിനെ സന്ദർശിച്ചത്. ദാമോദരൻ്റെയും രാധയുടെയും മകനാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട രജിത്ത്.

കുവൈറ്റിലെ മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിൽ ബുധനാഴ്ചയാണ് അഗ്‌നിബാധയുണ്ടാകുന്നത്. 23 മലയാളികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. നിരവധി പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.