നീണ്ട സൈറണ്‍ കേട്ടാല്‍ പേടിച്ചോടരുത്‌!! മുന്നറിയിപ്പുമായി അധികൃതർ


തിരുവനന്തപുരം: ഇന്ന് നീണ്ട സൈറൺ കേൾക്കുകയാണെങ്കിൽ പൊതുജനങ്ങൾ പേടിക്കരുതെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്‌. അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ‘കവചം’ സംവിധാനത്തിന്റെ പ്രവർത്തനം പരീക്ഷിക്കാൻ സംസ്ഥാനത്ത് ഇന്ന് 85 സൈണുകളാണ് മുഴങ്ങുക.

ഇന്ന് രാവിലെയോ ഉച്ചയ്‌ക്കോ ആയിരിക്കും സൈറണുകള്‍ മുഴങ്ങുക. ശബ്ദത്തിനു പുറമേ ലൈറ്റുകളിലൂടെയും മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും.

വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. പട്ടിക പ്രകാരം 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയത്തും, ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുക.