എൻഡിഎയ്ക്ക് തുടർഭരണമില്ല, ഇന്ത്യാ മുന്നണി അധികാരത്തിലെത്തും; ഞെട്ടിച്ച് അഗ്നി ന്യൂസ് എക്സിറ്റ് പോള്‍
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയായതോടെ വിവിധ മാധ്യമങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി. ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. 400-ന് അടുത്ത് സീറ്റുകൾ വരെ എൻഡിഎ സഖ്യം നേടുമെന്നാണ് പ്രവചനം.
എന്നാൽ നേരത്തെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്നും വ്യത്യസ്തമായ പ്രവചനമാണ് അഗ്നി ന്യൂസ് സർവ്വീസ് എന്ന ഏജന്‍സി പുറത്തുവിട്ടത്. കോണ്‍ഗ്രസും എസ് പിയും എന്‍ സി പിയുമെല്ലാം അടങ്ങുന്ന ഇന്ത്യ സഖ്യം വിജയിക്കുമെന്നാണ് അഗ്നി ന്യൂസ് സർവ്വീസിന്റെ സർവ്വേയിൽ പറയുന്നത്.
ഇന്ത്യ സഖ്യത്തിന് 264 സീറ്റുവരെ ലഭിക്കുമെന്നാണ് ഏജന്‍സിയുടെ പ്രവചനം. എന്‍ ഡി എ സഖ്യം 242 സീറ്റുകളും മറ്റുള്ളവർ 37 സീറ്റുകളും നേടുമെന്നും സർവ്വേ പറയുന്നു. പാർലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 273 സീറ്റുകളാണ്. സർവ്വേ പ്രകാരം 9 സീറ്റുകളാണ് ഇന്ത്യ സഖ്യത്തിനും കേവല ഭൂരിപക്ഷത്തിനും ഇടയിലുള്ളത്.
അതേസമയം കേരളത്തില്‍ യു.ഡി.എഫ്. തരംഗമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. യു.ഡി.എഫിന് 13 മുതല്‍ 18 സീറ്റുകള്‍ വരെയാണ് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്. എല്‍.ഡി.എഫിന് പൂജ്യം മുതല്‍ അഞ്ചു സീറ്റുകള്‍ വരേയും പ്രവചനമുണ്ട്. ബി.ജെപിക്ക് മൂന്ന് സീറ്റുവരെയാണ് ഇതുവരെയുള്ള പരമാവധി പ്രവചനം. ഭരണ കക്ഷിയായ എല്‍ ഡി എഫ് ഇത്തവണ കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരികയെന്നാണ് സർവ്വേകൾ നൽകുന്ന സുചന.