അറ്റകുറ്റപ്പണിക്കായി ഇറങ്ങി, എന്നാൽ തിരികെ കയറാനായില്ല; അത്തോളിയിൽ കിണറ്റിലിറങ്ങിയ തൊഴിലാളിയെ സുരക്ഷിതമായി പുറത്തെത്തിച്ച് സേന
അത്തോളി: കിണറ്റിൽ ഇറങ്ങി കയറാനാകാതെ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേന. കിണറ്റിൽ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ മണി (48) യെയാണ് സമയോചിതമായ ഇടപെടലിലൂടെ സേന പുറത്തെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അത്തോളി പഞ്ചായത്തിലെ കൊളക്കാട് ആയിരുന്നു സംഭവം.
കൊളക്കാട് സ്വദേശിയായ അരിയായി എന്നയാളുടെ വീട്ടിലെ കിണറിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയതായിരുന്നു മണി. എന്നാൽ കിണറ്റിൽ ഇറങ്ങിയ മണിക്ക് കയറാൻ സാധിച്ചില്ല. തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശരത് പി കെയുടെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി റസ്ക്യൂ നെറ്റിന്റെ സഹായത്തോടെ മണിയെ സുരക്ഷിതമായി കിണറിന് പുറത്തെത്തിച്ചു.
ഗ്രേഡ് എസ്ടിഒ മെക്കാനിക്ക് ജനാർദ്ദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇഎം, സിജിത്ത് സി, അനൂപ് എൻപി, സനൽരാജ് കെ എം, റിനീഷ് പി കെ, സജിത്ത് പി കെ, ഹോംഗാർഡ് മാരായ പ്രദീപ് സി, സുജിത്ത് കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.