അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ലാച്ചി സ്വദേശിനി മരിച്ചു
കോഴിക്കോട്: അമിതവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ലാച്ചി സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മരിച്ചു. കല്ലാച്ചി ചിയ്യൂര് പാറേമ്മല്‍ ഹരിപ്രിയ (20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
കല്ലാച്ചി മിനിബൈപാസ് റോഡില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. പാചകവാതക സിലിണ്ടറുമായി അമിത വേഗതയിലെത്തിയ വാഹനമാണ് അപകടമുണ്ടാക്കിയത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഹരിപ്രിയയെയും അമയയെയും ഇടിച്ച ശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് പിക്കപ്പ് വാന്‍ നിന്നത്.
ഹരിപ്രിയ വാഹനത്തിനും പോസ്റ്റിനും ഇടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചു. ഹരിപ്രിയക്ക് തലക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു.