പകല്‍ സമയങ്ങളില്‍ ആളും ബഹളവുമില്ലാതെ കൊയിലാണ്ടി നഗരം; ചൂട് ശരീരത്തെ മാത്രമല്ല വരുമാനത്തെയും ബാധിച്ചത് തൊഴിലാളികളും കച്ചവടക്കാരും
കൊയിലാണ്ടി: രാവിലെ ഒമ്പതുമണി കഴിഞ്ഞാല്‍ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍, നടക്കുകയല്ല, ഓടുകയാണ് കത്തുന്ന വെയില്‍ ഭയന്ന്. അപ്പോള്‍ പിന്നെ അതിനുശേഷമുള്ള കാര്യം പറയേണ്ടതില്ലല്ലോ. വേനല്‍ കടുത്തതോടെ ആളും ആരവുമില്ലാതെ ഉണങ്ങിയിരിക്കുകയാണ് കൊയിലാണ്ടി നഗരവും പരിസരവും. ആകെ കുറച്ച് ആളുകള്‍ വരുന്നത് രാവിലെയും വൈകുന്നേരം അഞ്ച് മണി കഴിഞ്ഞുള്ള സമയത്തുമാണ്.
കൊടും ചൂട് ശരീരത്തെ മാത്രമല്ല പൊള്ളിക്കുന്നത്, തങ്ങളുടെ വരുമാനത്തെ കൂടി നശിപ്പിച്ചിരിക്കുകയാണെന്നാണ് കൊയിലാണ്ടി നഗരത്തെ ആശ്രയിച്ച് ജീവിക്കുന്ന വിവിധ തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്. ആളുകള്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങുന്നത്, പിന്നെയെങ്ങനെ പണിയുണ്ടാവാനാണെന്നാണ് ബസ് സ്റ്റാന്റിലെ ചുമട്ടുതൊഴിലാളിയായ സന്തോഷ് പറയുന്നത്. ഒഴിച്ചുകൂടാനാവാത്ത ഘട്ടത്തില്‍ മാത്രമാണ് പത്തുമണിക്കും അഞ്ചുമണിക്കും ഇടയില്‍ ആളുകള്‍ പുറത്തിറങ്ങുന്നത്. സ്ഥിരം ജോലിയ്ക്കും മറ്റും പോകുന്നവരാണ് ഇവിടെ ഇപ്പോള്‍ എത്തുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു.
കൊയിലാണ്ടി മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ പ്രമോദിനും ഇതുതന്നെയാണ് പറയാനുള്ളത്. മാര്‍ക്കറ്റിലേക്കൊന്നും പകല്‍ ആരും വരുന്നില്ല. കൊണ്ടുവന്ന സാധനങ്ങളാകട്ടെ ചൂട് കാരണം അധികസമയം സൂക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. തക്കാളിയും മറ്റും ബോക്‌സില്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. രാവിലെ കൊണ്ടുവന്ന സാധനങ്ങള്‍ വൈകുന്നേരമാകുമ്പോഴേക്കും വാടിപ്പോകുകയാണെന്നും അദ്ദേഹം പറയുന്നു. കല്ല്യാണ സീസണായതിനാല്‍ അതിനാവശ്യമായ സാധനങ്ങളാണ് കൂടുതലായി മാര്‍ക്കറ്റില്‍ നിന്നും വിറ്റുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓട്ടോ തൊഴിലാളിയായ ഗോപി പറയുന്നത് ഓട്ടമില്ലാതെ ടൗണില്‍ ഏറെ നേരെ വണ്ടി നിര്‍ത്തിയിടേണ്ടിവരുന്ന തങ്ങളുടെ ഗതികേടിനെക്കുറിച്ചാണ്. ഓട്ടോ നിര്‍ത്തിയിടുന്നയിടത്ത് തണലേയില്ല. മുകളില്‍ ചുട്ടുപൊള്ളുന്ന സ്ഥിതിയില്‍ വണ്ടിയില്‍ അഞ്ച് മിനിറ്റുപോലും ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ചെറിയ തോതിലെങ്കിലും തണലൊരുക്കാനുള്ള യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ശരീരം തളര്‍ന്ന് എപ്പോഴാണ് കുഴഞ്ഞുവീഴുകയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. കോവിഡിനുശേഷം ഓട്ടോ റിക്ഷ തൊഴിലാളികളുടെ വരുമാനത്തില്‍ നല്ല ഇടിവുണ്ടായിട്ടുണ്ട്. ചൂട് കൂടിയതോടെ അത് കുറേക്കൂടി ഇടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബസ് ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഉച്ചസമയത്തെല്ലാം കാലിയടിച്ചാണ് ബസ് പോകുന്നത്. വഴിയിലും ആളെ കിട്ടില്ല. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേയുള്ളൂവെന്നും അവര്‍ പറയുന്നു.