”വടകരയില്‍ സി.പി.എം നടത്തുന്ന വര്‍ഗീയ പ്രചരണം അവസാനിപ്പിക്കണം”; അരിക്കുളത്തെ മുസ്‌ലിം ലീഗ്


അരിക്കുളം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍.എസ്.എസിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ നടത്തി വരുന്ന വര്‍ഗീയ പ്രചരണം അവസാനിപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ.നവാസ് ആവശ്യപ്പെട്ടു. അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവരുടെ സംഗമം ഉത്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ.അഹമ്മദ് മൗലവി അധ്യക്ഷനായിരുന്നു. വടകരയിലും സമീപ പ്രദേശങ്ങളിലും ഏകോദര സഹോദരങ്ങളായി കഴിയുന്നവര്‍ക്കിടയില്‍ സി.പി.എം വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തി സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നത് പരാജയ ഭീതി മൂലമാണെന്നും യോഗം വിലയിരുത്തി.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ എല്‍.ഡി.എഫ് പ്രചരിപ്പിച്ച നുണപ്രചാരണങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളിയപ്പോഴാണ് സി.പി.എം വര്‍ഗീയ പ്രചാരണവുമായി രംഗത്ത് വന്നതെന്നും കെ.കെ.നവാസ് പറഞ്ഞു. തന്‍സീര്‍ ദാരിമി കാവുംതറ മുഖ്യ പ്രഭാഷണം നടത്തി. വി.വി.എം ബഷീര്‍, എന്‍.കെ.അഷ്റഫ്, കെ.എം.മുഹമ്മദ്, എം.പി.അമ്മത്, കെ.എം.മുഹമ്മദ്, സക്കറിയ, പി.പി.അബ്ദുസലാം ഫൈസി, പി.പി.കെ.അബ്ദുള്ള, തറമ്മല്‍ അബ്ദുസ്സലാം, വി.കെ.കെ.അബ്ദുള്ള, ടി.പി. കുഞ്ഞിമായന്‍ മാസ്റ്റര്‍, നാറാണത്ത് അഹമദ്ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.