അടിപ്പാതയുടെ കാര്യത്തില്‍ ദേശീയപാത അതോറിറ്റി ചെയര്‍മാന്റെ തീരുമാനംവരുംവരെ തിക്കോടിയില്‍ പ്രവൃത്തി തുടങ്ങില്ലെന്ന് കലക്ടറുടെ ഉറപ്പ്; അടിപ്പാതയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് സമരസമിതി
തിക്കോടി: തിക്കോടിയില്‍ അടിപ്പാതയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി ചെയര്‍മാന്റെ തീരുമാനം വരുംവരെ നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനം. കലക്ടറുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
സമരസമിതി നേതാക്കള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തു. അടിപ്പാതയുടെ ആവശ്യകത സംബന്ധിച്ച് ഇവര്‍ കലക്ടറെ ബോധ്യപ്പെടുത്തി. സമരസമിതി, വിവിധ രാഷ്ട്രീയ കക്ഷികള്‍, പി.ടി.ഉഷ എം.പി തുടങ്ങിയവര്‍ നല്‍കിയ നിവേദനം പരിശോധിച്ച് ഹൈവേ അതോറിറ്റി ചെയര്‍മാന്റെ തീരുമാനം വരുംവരെ തിക്കോടി അടിപ്പാത ആവശ്യപ്പെടുന്ന പ്രദേശത്ത് ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി.
ഉറപ്പ് ലംഘിക്കുന്ന പക്ഷം ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ഹൈവേ അതോറിറ്റി ചെയര്‍മാന്‍ തീരുമാനം അടിപ്പാതയെന്ന ആവശ്യത്തിന് എതിരായാലും സമരവുമായി രംഗത്തുവരുവെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
തിക്കോടി ടൗണില്‍ അടിപ്പാത നിര്‍മ്മിക്കാതെ സര്‍വ്വീസ് റോഡ് നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. സ്ത്രീകളും വയോധികരും ഉള്‍പ്പെടെ നിരവധി ആളുകളാണ് രാവിലെ 9 മണിയോടെ തന്നെ സമരവുമായി മുന്നോട്ടുവന്നത്.
കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി അടിപ്പാതയ്ക്ക് വേണ്ടി നിരാഹാര സമരങ്ങള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ നടത്തിവരികയാണ്. അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നിരവധി തവണ റോഡ് പണികള്‍ സമരസമിതി അംഗങ്ങളും നാട്ടുകാരും തടഞ്ഞിരുന്നു. അതിനാല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഇന്ന് തിക്കോടിയിലെത്തി റോഡ് പ്രവൃത്തി ആരംഭിക്കുമെന്ന അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
വിവിധ രാഷട്രീയപാര്‍ട്ടികളും മറ്റും സംയുക്തമായിട്ടാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമരത്തില്‍ നിന്നും പിന്‍മാറമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ യോഗത്തില്‍ അടിപ്പാത അനുവദിക്കാതെ പ്രവൃത്തി തുടങ്ങിയാല്‍ തടയുമെന്ന് സമരസമിതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്‍.എച്ച് ഓഫീസില്‍ നിന്നും അടിപ്പാത നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും പണി പുനരാരംഭിക്കാന്‍ തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് കളക്ടറും സംഘവും തിക്കോടിയിലെത്തിയത്.