പുനർ മൂല്യ നിർണ്ണയത്തിന് നാളെ മുതൽ അപേക്ഷ നൽകാം, സേ പരീക്ഷ മെയ് 28 മുതല്‍; എസ്എസ്എല്‍സി പരീക്ഷാ ഫലം ഈ വെബ്സെെറ്റുകളിലൂടെ അറിയാം


തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു. നാല് മണിയോടെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

427153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. അതില്‍ 425563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പരീക്ഷയിൽ തോറ്റവർക്ക് മെയ് 28 മുതല്‍ ജൂണ്‍ 6 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷയെഴുതാവുന്നതാണ്. പരീക്ഷ പേപ്പറുകളുടെ പുനർ മുല്യനിർണ്ണയത്തിനുള്ള അപേക്ഷ മെയ് ഒമ്പത് മുതൽ 15 വരെ സ്വീകരിക്കും.

ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. മെയ് 16 മുതൽ 25 വരെ പ്ലസ് വൺ പ്രവേശനത്തിന് ആപേക്ഷ നൽകാം. പ്ലസ് വൺ ക്ലാസുകൾ ജൂൺ 24 ന് തുടങ്ങും.

4,25,563 പേരാണ് ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. എസ്എസ്എല്‍സി പ്രൈവറ്റ് പരീക്ഷ എഴുതിയത് 94 പേരിൽ യോഗ്യത നേടിയത് 66 പേരാണ്. വിജയശതമാനം 70.2ശതമാനം.

വിജയ ശതമാനം കൂടിയ റവന്യൂ ജില്ല കോട്ടയം 99.92 ശതമാനം. കുറഞ്ഞ റവന്യൂ ജില്ല തിരുവനന്തപുരം . ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. 4934 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം തന്നെ ആയിരുന്നു.