‘ഒരു ജീവന്‍ രക്ഷിക്കാനുളള തന്ത്രപ്പാടില്‍ സമയവും കിണറും ഒന്നും നോക്കിയില്ല’; ഉളളൂരില്‍ കിണറ്റില്‍ വീണ വയോധികയെ രക്ഷിക്കാനിറങ്ങിയ അനീഷ് താങ്ങിനിര്‍ത്തിയത് ഒന്നരമണിക്കൂറോളം, ഒടുവില്‍ ഇരുവര്‍ക്കും രക്ഷകരായി അഗ്നിരക്ഷാ സേന, വീഡിയോ കാണാം


ഉളളിയേരി: ”ഒരു ജീവന്‍ രക്ഷിക്കാനുളള തന്ത്രപ്പാടില്‍ സമയവും കിണറും ഒന്നും നോക്കിയില്ല”. ഉളളിയേരി ഉളളൂര്‍ ആമ്പത്ത് മീത്തല്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ വയോധികയെ രക്ഷിക്കാനിറങ്ങിയ അനീഷ് പറഞ്ഞതിങ്ങനെ. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് ചെട്ടിയാംകണ്ടി വീട്ടില്‍ ചിരുത (86)യെ വീട്ടില്‍ നിന്നും കാണാതാവുന്നത്.

ഏറെ നേരം ഇടുട്ടത്ത് വീട്ടുകാരും സമീപവാസികളും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ചിരുതയെ കാണാനില്ലെന്ന വിവരം അറിഞ്ഞയുടനെ അനീഷ് ചിരുതയെ കണ്ടെത്താനുളള ശ്രമത്തിലായിരുന്നു. വീട്ടില്‍ നിന്നും കുറച്ച് മാറി ആളൊഴിഞ്ഞ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്നും ചിരുതയുടെ ശബ്ദം കേട്ടയുടനെ അങ്ങോട്ട് പായുകയായിരുന്നു എല്ലാവരും.

ആള്‍മറയില്ലാത്ത കാടുപിടിച്ചുകിടക്കുന്ന കിണറ്റില്‍ രാവിലെ ഇറങ്ങുക എന്നത് ബുദ്ധിമുട്ടുളള കാര്യമായിരുന്നു. പലരും ഇറങ്ങാന്‍ മടി കാണിച്ചപ്പോള്‍ അനീഷ് നാട്ടുകാരുടെ സഹായത്തോടെ കിണറ്റില്‍ ഇറങ്ങി. ഏകദേശം 70 അടി താഴ്ചയുളള കിണറില്‍ മോട്ടോറില്‍ പിടിച്ചു നില്‍ക്കുന്ന ചിരുതയെയാണ് അനീഷ് കണ്ടത്. കിണറ്റില്‍ വീണിട്ട് അധികനേരമായതിനാല്‍ വയോധിക അവശനിലയിലായിരുന്നുവെന്ന് അനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കിണറ്റില്‍ കുറച്ച് ശ്വാസംമുട്ടും അനുഭവപ്പെട്ടിരുന്നെന്ന് അനീഷ് പറയുന്നു. രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെങ്കിലും പരിമിധികള്‍ കാരണം കഴിഞ്ഞില്ലെന്ന് അനീഷ് പറഞ്ഞു. തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷ് സേനയെ വിവരമറിയിക്കുകയായിരുന്നു. അവര്‍ എത്തുന്ന സമയമത്രയും ഒന്നരമണിക്കൂറോളം അവശനിലയിലായിരുന്ന ചിരുതയെ താങ്ങി നിര്‍ത്തിയത് അനീഷായിരുന്നു.

ഒടുവില്‍ അഗ്നിരക്ഷാ സേനയെത്തി റെസ്‌ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെ നാട്ടുകാരുടെയും സഹായത്തോടു കൂടി ചിരുതയെ ആദ്യം മുകളിലെത്തിച്ചു. പിന്നീട് തന്നെയും ഒരുപരിക്കും കൂടാതെ മുകളിലെത്തിക്കുകയായിരുന്നെന്ന് അനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കിണറ്റില്‍ ഇറങ്ങി പരിചയമുളളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങാന്‍ മടിയുണ്ടായിരുന്നില്ലെന്ന് അനീഷ് പറഞ്ഞു.

തുടര്‍ന്ന് കിണറ്റില്‍ വീണ വയോധികയെ സേനയുടെ നേതൃത്വത്തില്‍ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രേഡ്എ.എസ്.ടി.ഒ മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിധി പ്രസാദ് ഇ.എം, അനൂപ് എന്‍.പി, ബബീഷ് പി.എം, വിഷ്ണു എസ്, സജിത്ത് പി.കെ, ഷാജു, ഹോം ഗാര്‍ഡ് പ്രദീപ്, രാജേഷ് കെ.പി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.

 

 

 

 

 

ഉളളൂരില്‍ 70 അടിയോളം താഴ്ചയില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വയോധിക വീണ നിലയില്‍; സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേനയും നാട്ടുകാരും