വിവാഹമോചനത്തിനായി സമീപിച്ച കോഴിക്കോട് സ്വദേശിനിയെ പീഡിപ്പിച്ചു; തലശ്ശേരി കോടതിയിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍


തലശ്ശേരി: വിവാഹമോചന കേസില്‍ വക്കാലത്തിനെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍. അഭിഭാഷകരായ എം.ജെ ജോണ്‍സണ്‍, കെ.കെ ഫിലിപ്പ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ മോചന കേസുമായി എത്തിയ കോഴിക്കോട് സ്വദേശിനിയെ ഓഫീസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

യുവതിയുടെ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്തെങ്കിലും പ്രതികള്‍ ഹാജരായിരുന്നില്ല. പിന്നാലെ ഹൈക്കോടതിയില്‍ നിന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു. എന്നാല്‍ പരാതിക്കാരി നല്‍കിയ അപ്പീലില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കി.

ശേഷം പ്രതികള്‍ ഒഴിവില്‍ പോയതിനാല്‍ അറസ്റ്റ് വൈകുകയായിരുന്നു. എന്നാല്‍ ഇന്നലെയോടെ പ്രതികള്‍ തലശ്ശേരി എഎസ്പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സര്‍വകലാശാലയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ് ഇരുവരും.