കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; ട്രയൽ റൺ വിജയകരം


പാലക്കാട്: കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടന്നതിന്റെ പരീക്ഷണയോട്ടമാണ് ഇന്ന് നടന്നത്. ദക്ഷിണ റെയില്‍വേയും സേലം, പാലക്കാട് ഡിവിഷനുകളും ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തിയത്. ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്ന സമയം ഉടന്‍ തന്നെ പ്രഖ്യാപിക്കും.

റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരിസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി ചെയര്‍കാര്‍ തീവണ്ടിയാണിത്. രാവിലെ എട്ട് മണിക്ക് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് 10.45ന് പാലക്കാട് ടൗണിലും 11.05ന് പാലക്കാട് ജംഗക്ഷനിലും വണ്ടിയെത്തി. തിരിച്ച് 11.35ന് പുറപ്പെട്ട ട്രെയിന്‍ 2.40ന് കോയമ്പത്തൂരിലെത്തി.

പ്ലാറ്റ്‌ഫോമിന്റെ സൗകര്യം, ട്രാക്കിലൂടെ ട്രെയിനിന് സുഗമമായി പോകാന്‍ സാധിക്കുന്നുണ്ടോ എ്ന്നിവയടക്കമുള്ള കാര്യങ്ങളാണ് അധികൃതര്‍ പരിശോധിച്ചത്. നവീകരിച്ച് വൈദ്യൂതികരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരമായാണ് ഡബിള്‍ ഡെക്കര്‍ ട്രെയിനിലൂടെ റെയില്‍വേ ലക്ഷ്യം വെക്കുന്നത്. ബുധനാഴ്ചകില്‍ ഉദയ് എക്‌സ്പ്രസിന് സര്‍വീസ് ഇല്ലാത്തതിനാലാണ് ഈ ദിവസം പരീക്ഷണയോട്ടത്തിന് തിരഞ്ഞെടുത്തത്.