”ഒരാളും ഇട്ട് തരുന്നത് നമ്മള്‍ കൊത്താന്‍ പാടില്ല, വാക്കിലും പ്രവൃത്തിയിലും നവമാധ്യമങ്ങളിലുള്ള ഇടപെടലിലും ജാഗ്രതവേണം” പ്രവര്‍ത്തകരോട് ഷാഫി പറമ്പില്‍


Advertisement

വടകര: വാക്കിലും പ്രവൃത്തിയിലും നവമാധ്യമങ്ങളിലും ഫോണിലുമെല്ലാം ജാഗ്രതയോടെ ഇടപെടണമെന്ന് യു.ഡി.എഫ് പ്രവര്‍ത്തകരോട് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. പ്രകോപനം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായേക്കാം. ചെറിയ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കി അത് വലിയ സംഘര്‍ഷത്തിലേക്ക് നയിക്കപ്പെടണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധാപൂര്‍വ്വം ഇടപെടേണ്ടതുണ്ടെന്നും ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു.

Advertisement

”ഒരാളും ഇട്ട് തരുന്നത് നമ്മള്‍ കൊത്താന്‍ പാടില്ല. നമ്മള്‍ ഈ നാടിന്റെ ഐക്യത്തിന്റെ വഴിയില്‍ മുന്നോട്ടുപോകുക” ഷാഫി പറഞ്ഞു. നവമാധ്യമങ്ങളില്‍ നടക്കുന്ന വ്യക്തിഹത്യയ്ക്കും അധിക്ഷേപങ്ങള്‍ക്കും എതിരെ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.

Advertisement

ഇല്ലാത്ത കഥകള്‍ പറഞ്ഞ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുമേല്‍ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് ഷാഫി പറയുന്നത്. ‘ എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ബഹുമാനത്തോടെയല്ലാതെ ഞാനൊരു വാക്ക് പറയുന്നത് നിങ്ങള്‍ ഇന്നേവരെ കേട്ടിട്ടുണ്ടോ? നവമാധ്യമങ്ങളിലൂടെ എതിരാളെ സംബന്ധിച്ച് മോശമായ വാക്കോ പ്രവൃത്തിയോ എന്റെ വിരല്‍തുമ്പിലൂടെ വന്നതായിട്ട് നിങ്ങള്‍ കണ്ടിട്ടുണ്ടോ. നമ്മള്‍ അത് ചെയ്യിപ്പിക്കില്ല. ചെയ്യുന്നതിനോട് യോജിപ്പുമില്ല.” ഷാഫി വ്യക്തമാക്കി.

Advertisement

വ്യാജ പ്രൊഫൈലുകളില്‍ നിന്നുണ്ടാക്കുന്ന കഥകള്‍ക്ക് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ചില സംശയങ്ങളുണ്ട്. നിയമപരമായി മുന്നോട്ടുപോകാന്‍ ആചോലിക്കുന്നതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഷാഫി വ്യക്തമാക്കി.